കൂരാലി: കർഷകക്കൂട്ടായ്മയിൽ എലിക്കുളത്തെ കൂരാലി നാട്ടുചന്തയിൽ ചൊവ്വാഴ്ച പോത്തുകളുടെ ലേലം നടന്നു. ഹർത്താൽ ദിനമായിട്ടും ചന്തയിൽ തിരക്കായിരുന്നു. ഫെയ്‌സ് കർഷക കൂട്ടായ്മ കഴിഞ്ഞ വർഷം കർഷകർക്ക് നൽകിയ മുറ ഇനത്തിലെ പോത്തുകളെയാണ് ലേലത്തിനെത്തിച്ചത്. 30,000രൂപ വരെ വില ലഭിച്ചു ഇവയ്ക്ക്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് പോത്തുകളുടെ വിൽപ്പന നടത്തിയത്. ആട്, മുയൽ, കോഴി തുടങ്ങിയവയുടെ ലേലവും കാർഷികോത്പന്നങ്ങളുടെ ലേലവും നടത്തി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.എം.ദിലീപ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മത്തായി, പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം റോസ്‌മി ജോബി, പഞ്ചായത്തംഗങ്ങളായ സൂര്യമോൾ, ബിന്ദു പൂവേലി, സുജാതാദേവി തുടങ്ങിയവർ പ്രസംഗിച്ചു. കർഷകക്കൂട്ടായ്മ ഭാരവാഹികളായ എം.കെ.രാധാകൃഷ്ണൻ, എസ്.ഷാജി, കെ.ആർ.മന്മഥൻ, പി.ആർ.മധുകുമാർ, എസ്.ഷാജി, സി.മനോജ്, എൻ.ആർ.ബാബു, എം.ജി.മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നൽകി.