കുറുപ്പന്തറ: മാഞ്ഞൂർ-ചാമക്കാല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന ഓട്ടപ്പള്ളി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തത് നാട്ടുകാരെ വലയ്ക്കുന്നു. അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ നാട്ടുകാരും യാത്രക്കാരും കർഷകരുമെല്ലാം നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇറിഗേഷൻ വകുപ്പ് 65 ലക്ഷം രൂപ മുടക്കി പാലം നിർമിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമാണം നടന്നിരുന്നില്ല.

ഒരുവശത്ത് അപ്രോച്ച് റോഡിന് മണ്ണടിച്ചതിനാൽ കഷ്ടിച്ച് പാലത്തിന്റെ ഇരുകരകളിലേക്കും നടന്നുപോകാൻ സാധിക്കുമെന്ന നിലയാണ്. കുത്തനെ കയറ്റമുള്ള മറുവശത്ത് പേരിന് മാത്രം മണ്ണടിച്ചിട്ടുള്ളതിനാൽ പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇതുമൂലം വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഏറെ പ്രയാസപ്പെടുകയാണ്. മോൻസ് ജോസഫ് എം.എൽ.എ.യുടെ നിർദേശമനുസരിച്ച്‌ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ തിരുവനന്തപുരം സൂപ്രണ്ടിങ്‌ എൻജിനീയർ ഡോ. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ധസംഘം കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ചിരുന്നു.

പാലത്തിന്റെ ഇരുവശങ്ങളിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയുന്നവിധത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ അധികമായി നടപ്പാക്കാനും സൂപ്രണ്ടിങ്‌ എൻജിനീയർ നിർദേശിച്ചിരുന്നു. അപ്രോച്ച് റോഡ് പൂർണമായും നിർമിച്ച് ടാറിങ് നടത്തി പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.