വാഴൂർ: എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപ്പഞ്ചായത്തുകളും ഐ.എസ്.ഒ. നിലവാരം കൈവരിച്ച കോട്ടയം ജില്ല രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ. നിലവാരം കൈവരിച്ചതു സംബന്ധിച്ച പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 116 ബ്ലോക്ക് പഞ്ചായത്തുകളും 800 ഗ്രാമപ്പഞ്ചായത്തുകളും ഇതിനോടകം ഈ നേട്ടം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള അനുമോദനപത്രം മന്ത്രി പി. തിലോത്തമൻ കൈമാറി. ഡോ.എൻ. ജയരാജ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. 150 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ സംസ്ഥാന ഗ്രാമവികസന കമ്മിഷണർ എൻ. പദ്‌മകുമാർ ആദരിച്ചു.

ജില്ലാ ആസൂത്രണ സമിതി അംഗം വി.പി. റെജി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, എ.ഡി.സി. ജി.അനീസ്, ഖാദി ഗ്രാമവ്യവസായ ബോർഡ് സീനിയർ ഡയറക്ടർ മാധവൻ നമ്പൂതിരി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻനായർ, ബ്ലോക്ക് സെക്രട്ടറി പി.എൻ.സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.പുഷ്‌ക്കലാദേവി, ജയാ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.