ഈരാറ്റുപേട്ട: ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി ബഹുജനറാലി നടത്തി. നഗരസഭാധ്യക്ഷൻ വി.എം.സിറാജ് ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ല് ഇമാമിങ്ങളും സംഘടനാ നേതാക്കളും നേതൃത്വം നൽകിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പുത്തൻപള്ളി ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി മഞ്ചാടി തുരുത്തിൽ സമാപിച്ചു.

പൊതുസമ്മേളനം മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. സെക്രട്ടറി സാദിഖ് ഉളിയിൽ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നൈനാർ മസ്ജിദ് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ വിഷയാവതരണം നടത്തി. നൈനാർ പള്ളി ഇമാം ഇസ്മായിൽ മൗലവി, മുഹിദ്ദീൻ പള്ളി ഇമാം വി.പി.സുബൈർ മൗലവി, മുഹമ്മദ് ഇല്യാസ്, കെ.എം.ബഷീർ, വി.എച്ച്.നാസർ, അബ്ബാസ് പാറയിൽ, കെ.ഇ.പരീത് തുടങ്ങിയവർ പ്രസംഗിച്ചു.