വൈക്കം: കണ്ണന്റെ കഥാവർണനകൾ കേൾക്കാനും പ്രഭാഷണത്തിന്റെ മധുരം നുകരാനും അഖിലഭാരത ഭാഗവത മഹാസത്രത്തിൽ വിശ്വാസികളുടെ തിരക്ക്. മഹാസത്രത്തിൽ എല്ലാ ദിവസവും അഷ്ടദ്രവ്യമഹാഗണപതി ഹോമം നടത്തും. കൂടാതെ വിഷ്ണുസഹസ്രനാമജപം, വേദസൂക്തമന്ത്രജപം, ഭാഗവതപാരായണം, നാരായണീയ പാരായണം, ഭജന, നാമസങ്കീർത്തനം, സംഗീതസദസ് എന്നിവ നടക്കും. സത്രവേദിയിൽ പ്രഭാഷണങ്ങളിൽനിന്ന്:

ശ്രോതാക്കളാണ് വലിയവർ

ഭാഗവതകഥകൾ പറയുന്നവരേക്കാൾ വലിയവർ ശ്രോതാക്കളാണ്. നല്ലതു കേട്ട് ചെവി നിറയണം. നല്ലത് പറഞ്ഞ് നാവ് വളരണം. നല്ലതു കണ്ട് കണ്ണ് നിറയണം. അങ്ങനെ നന്മയുള്ളിടത്തേക്ക് നടന്ന് കാല് തളരണമെന്നാണ് ഭാഗവതം നമ്മെ പഠിപ്പിക്കുന്നതെന്നും പള്ളിക്കൽ സുനിൽ പറഞ്ഞു.

ആപത്ത് വരുമ്പോഴാണ് ഭഗവത്‌സ്മരണ ഉണ്ടാകുന്നത്

ആപത്ത് വരുമ്പോഴാണ് ഭഗവത്‌സ്മരണ ഉണ്ടാവുന്നത്. എല്ലാ സൗകര്യവുമുണ്ടെങ്കിൽ ഭഗവത്‌സ്മരണ ഉണ്ടാവില്ല. അതുകൊണ്ടാണ് കുന്തീദേവി ആപത്ത് വരണേ ഭഗവാനേ എന്ന് പ്രാർത്ഥിച്ചത്. നമ്മളും ആ പാത പിന്തുടരണമെന്നാണ് ഭാഗവതം നമ്മെ പഠിപ്പിക്കുന്നതെന്നും മിഥുനപള്ളി വാസുദേവൻ നമ്പൂതിരി പറഞ്ഞു.

ഭാഗവതം പ്രത്യക്ഷ കൃഷ്ണരൂപമാണ്

ഭാഗവതം ആഹാരത്തെ പോലെ ഭക്ഷിക്കുകയും കുടിക്കുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യാൻ പറ്റിയ പ്രത്യക്ഷ കൃഷ്ണരൂപമാണെന്ന് കുറവല്ലൂർ ഹരി പറഞ്ഞു.

ഭാഗവതത്തെ ആശ്രയിക്കണം

ഭാഗവതത്തെ ആശ്രയിക്കുന്നത് ഭഗവാനെ പൂജിക്കുന്നതിന് സമമാണ്. സത്രവേദികളിൽ പങ്കെടുത്താൽ ഭഗവത് അനുഗ്രഹം നിശ്ചയമാണെന്നും മംഗലത്ത് സജീവ് പറഞ്ഞു.

മഹാസത്രത്തിൽ ഇന്ന്

പ്രഭാഷണം- അമ്പലപ്പുഴ സുകുമാരൻ നായർ-8.30, വെൺമണി കൃഷ്ണൻ നമ്പൂതിരി 9.30, ആചാര്യ സി.പി.നായർ-12.00, സോപാനസംഗീതം വൈക്കം സിസ്റ്റേഴ്‌സ് 6.30, പ്രഭാഷണം ഡോ. കെ.എസ്.രാധാകൃഷ്ണൻ 7.00, സംഗീതസദസ് ടി.എസ്.നാരായണൻ നമ്പൂതിരി 8.15.