കങ്ങഴ: കുന്നടിക്കലും പാറപൊട്ടിക്കലും കങ്ങഴയിൽ വ്യാപകം. കെട്ടിടനിർമാണത്തിന്റ മറവിൽ അനുമതി വാങ്ങിയശേഷം ഏക്കർ കണക്കിന് സ്ഥലത്തു നിന്നാണ് മണ്ണെടുക്കുന്നത്. സംഭവം പതിവായതോടെ ജില്ലാകളക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. കങ്ങഴ പഞ്ചായത്തിലെ മുണ്ടത്താനം, അഞ്ചാനി, നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, മാണികുളം പ്രദേശത്തുമാണ് മണ്ണെടുപ്പ് നടക്കുന്നത്.

കെട്ടിടനിർമാണത്തിന്റ മറവിൽ

കഴിഞ്ഞ ഏതാനും വർഷങ്ങളായി കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. സ്ഥലം വാങ്ങിയശേഷം കെട്ടിടനിർമാണത്തിനായി പഞ്ചായത്തിൽനിന്നും അനുമതിവാങ്ങും. തുടർന്ന് വില്ലേജ് ഓഫീസ്, മെനിങ് ആൻഡ് ജിയോളജിവകുപ്പ് എന്നിവിടങ്ങളിൽനിന്നും അനുമതി വാങ്ങിയശേഷം കുന്നിടിച്ചു നിരത്തുകയാണ് ചെയ്യുന്നത്.

20 സെന്റ് സ്ഥലത്തുനിന്നുമാണ് പരമാവധി വീട് നിർമാണത്തിന് മണ്ണെടുക്കാൻ അനുമതി നൽകുന്നത്. അനധികൃതമായി രേഖകൾ നേടിയശേഷം ഏക്കർ കണക്കിന് സ്ഥലത്തുനിന്നുമാണ് മണ്ണെടുപ്പും, പാറ ഘനനവും നടത്തുന്നത്. മണ്ണെടുപ്പിന് പിന്നിൽ പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാർക്കും ബന്ധമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞമാസം നെടുംകുന്നം മനക്കരക്കുന്നിൽ നടത്തിയ മണ്ണെടുപ്പ് ജനകീയപ്രക്ഷോഭത്തെ തുടർന്ന് നിർത്തിെവച്ചിരുന്നു.

നിബന്ധനകൾ ഇങ്ങനെ

കെട്ടിട നിർമ്മാണത്തിനായി ആദ്യം പഞ്ചായത്തിൽ അപേക്ഷ നൽകണം. മണ്ണെടുക്കുന്നതിന് മുൻപ് വില്ലേജ് ഓഫീസ്, മൈനിംങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ പ്രത്യേകം അപേക്ഷ കൊടുക്കണം. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തിയശേഷം മാത്രമേ അനുമതി നൽകാവു. മണ്ണെടുത്തശേഷം ഇവ അളന്ന് തിട്ടപ്പെടുത്തേണ്ടത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റ ചുമതലയാണ്. ഇതുപ്രകാരം ലോഡിന് നിശ്ചിതതുക റോയൽറ്റിയായി സർക്കാരിലേക്ക് അടയ്ക്കണം. ഇത്തരം നിയമങ്ങൾ കൃത്യമായി പാലിക്കാറില്ല. സ്ഥലം സന്ദർശിച്ചശേഷം ഉദ്യോഗസ്ഥർ ഏകദേശ കണക്ക് നിശ്ചയിച്ച് റോയൽറ്റി ഫീസ് പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വന്തമാക്കുന്ന രേഖകൾ ദുരുപയോഗം ചെയ്ത് ഏക്കറുകളോളം ഇടിച്ചുനിരത്തുകയാണ് ചെയ്യുന്നത്.

നടപടി ശക്തമാക്കണം

തെറ്റായമാർഗങ്ങളിലൂടെ രേഖകൾ നേടിയ ശേഷമാണ് കുന്നിടിക്കുന്നത്. ഇതിനുപിന്നിൽ പ്രാദേശിക രാഷ്ട്രീയക്കാരും, ചില ഉദ്യോഗസ്ഥരുമാണ്. ഇത്തരക്കാർക്കെതിരേ നടപടി ശക്തമാക്കണം.

-കെ.ബിനു. വനം-വന്യജീവി ബോർഡംഗം.