ഇടമറുക്: സാമൂഹികാരോഗ്യകേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾക്കിടെ പെയ്ത മഴയിൽ കനത്ത നാശം. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പെയ്ത മഴയിൽ മരുന്നും ഉപകരണങ്ങളും മഴവെള്ളത്തിൽ കുതിർന്നു. ഫാർമസിയും ഒ.പി.റൂമും നനഞ്ഞതോടെ ദിവസേന ഇരുന്നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ വ്യാഴാഴ്ച മരുന്നു നൽകാനാകാത്ത സ്ഥിതിയായി. അറ്റകുറ്റപ്പണിക്കായി മേൽക്കൂര പൊളിച്ചപ്പോൾ മരുന്നുകളും ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റാതിരുന്നതാണ് വിനയായത്.

മേൽക്കൂര മാറ്റിയ മുറികളിൽ പി.വി.സി. സീലിങ് നടത്തിയിരുന്നു. മഴവെള്ളം കെട്ടിനിന്നശേഷം മുറികളിലേയ്ക്ക് ഈ സീലിങ് തകർന്നുവീണു. ഇതോടെ തുറന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ നനഞ്ഞു. മുറികളിലെ രണ്ട് എയർകണ്ടീഷനുകളിലും വെള്ളംവീണ് നാശമായി.

ഒ.പി.വിഭാഗം, ഫാർമസി, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി എന്നിവയുടെ മേൽക്കൂരയാണ് അറ്റകുറ്റപ്പണിക്കായി പൊളിച്ചത്. ബുധനാഴ്ചത്തെ പണി അവസാനിപ്പിച്ച് തൊഴിലാളികൾ പോയപ്പോൾ ടാർപ്പോളിൻ കൊണ്ട് മൂടിയിട്ടില്ലായിരുന്നു. ഏഴുമണിയോടെയാണ് ടാർപ്പോളിൻ എത്തിച്ച് മൂടാൻ നാട്ടുകാരുടെ സഹായത്തോടെ സാധിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരുന്നുകൾ ആശുപത്രിയുടെ മറ്റ് ഭാഗത്തേക്ക്‌ നീക്കിയത്. നനഞ്ഞ മരുന്നുപാക്കറ്റുകൾ മുറികളിൽ ഫാനിട്ടശേഷം ഉണക്കാൻ വെച്ചിരിക്കുകയാണ്. കരാറുകാരന്റെയും മെഡിക്കൽ ഓഫീസറുടെയും അനാസ്ഥയാണ് നാശനഷ്ടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, ഗ്ലൗസുകളും ഐ.വി.ഫ്ലൂയിഡ് ബോട്ടിലുകളും മാത്രമേ നനഞ്ഞിട്ടുള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.