കുറവിലങ്ങാട്: കെട്ടിട നിർമാണത്തിന് പെർമിറ്റ് നേടിയ സ്ഥലത്താണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്ത പാറപൊട്ടിക്കൽ നടന്നിരുന്നത്. യന്ത്രസഹായത്താൽ ലോഡ് കണക്കിന് കരിങ്കല്ലാണ് ഇവിടെനിന്ന് പൊട്ടിച്ച് നീക്കിയിരുന്നത്. രാജസ്ഥാൻ സ്വദേശിയായ രമേശ് (30), മധ്യപ്രദേശ് ഗൗളിത്രാണിയിൽ ബുരിയാദർ വീട്ടിൽ സായ്‌റാം (32) എന്നിവരാണ് മരിച്ചത്.

അപകടം നടന്നത്

കുറവിലങ്ങാട് ടൗണിൽനിന്ന് 600മീറ്റർ ദൂരത്തിലാണ് അപകടംനടന്ന സ്ഥലം. പഞ്ചായത്തോഫീസിൽനിന്ന് 600 മീറ്റർ ദൂരവും വില്ലേജ്, പോലീസ് സ്റ്റേഷനുകളിൽനിന്ന് ഒന്നരക്കിലോമീറ്റർ ദൂരത്തുമാണ് അപകടസ്ഥലം. വൈക്കം-പാലാ റോഡരുകിലായി താലൂക്ക് ആശുപത്രിക്കും പഞ്ചായത്ത് ആയുർവേദാശുപത്രിക്കും ഇടയിലായിരുന്നു മണ്ണെടുപ്പും പാറഖനനവും നടന്നിരുന്നത്.

പഞ്ചായത്ത് പറയുന്നത്

2013-ലും 2017-ലും വ്യത്യസ്ത സർവേ നമ്പരുകളിലായി വീട് നിർമിക്കുന്നതിനും വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമ്മാണത്തിനുമായി രണ്ട് പെർമിറ്റ് നേടിയിരുന്നു. കഴിഞ്ഞദിവസം ഇതിലൊരു പെർമിറ്റിന്റെ കാലാവധി നീട്ടി ഡവലപ്‌മെന്റ് പെർമിറ്റ് എടുക്കുന്നതിനായി പാട്ടുപുര ജോൺസൺ പി.വെള്ളായിപ്പറമ്പിൽ അപേക്ഷ നൽകി. ഇതിന് അനുമതി നൽകിയിട്ടില്ല. വില്ലേജിൽനിന്ന് നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് പെർമിറ്റ് നൽകുന്നത്. ഇതുവരെ ഡവലപ്‌മെന്റ് പെർമിറ്റ് നൽകിയിട്ടില്ലെന്നും സെക്രട്ടറി പറയുന്നു. 188 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിനാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇതിന് ആവശ്യമായ സ്ഥലംമാത്രമാണ് മണ്ണുംപാറയും മാറ്റാൻ സാധിക്കുക

തഹസീൽദാർ പറയുന്നത്

പഞ്ചായത്തിന്റെ ഡവലപ്പ്മെന്റ് പെർമിറ്റ് ഉണ്ടെങ്കിൽ സ്ഫോടനത്തിലൂടെയല്ലാതെ കരിങ്കല്ല് പൊട്ടിച്ച് നീക്കാം. അത്തരത്തിലാണ് ഇവിടെ നടന്നിരുന്നത്. കഴിഞ്ഞ മാസം 15-ന് വില്ലേജ് ആഫീസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് ഇപ്പോഴും കരിങ്കല്ല് പൊട്ടിച്ച് നീക്കിയിരുന്നത്. ഇക്കാര്യം പോലീസിൽ അറിയിക്കും.

അയൽവാസികൾ പറയുന്നത്

യന്ത്രസഹായത്താൽ പൊറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം വീട്ടിൽ കിടന്നുറങ്ങുന്നതിന് പോലും തടസ്സമായിരുന്നുവെന്ന് ആയുർവേദാശുപത്രിക്ക് സമീപം താമസിക്കുന്ന അയൽവാസി പറയുന്നു. പരാതിയുമായി നിർമാണ സ്ഥലത്തെത്തിയപ്പോൾ മോശമായ പെരുമാറ്റമായിരുന്നു.

പോലീസ് പറയുന്നത്

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കുക. അപകടം എങ്ങനെ ഉണ്ടായി എന്ന് തൊഴിലാളികളിൽനിന്ന് ചോദിച്ച് മനസ്സിലാക്കിയ ശേഷമാവും ബാക്കി നടപടികൾ.

മേഖലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം

പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് വ്യാപകമാണ് രാത്രിയിലും പുലർച്ചെയുമാണ് മണ്ണെടുപ്പ് കൂടുതലും കെട്ടിടനിർമാണ പെർമിറ്റ് കരസ്ഥമാക്കി അതിന്റെ മറവിലാണ് മണ്ണെടുപ്പ്. വ്യാഴാഴ്ച തൊഴിലാളിയുടെ ജീവനെടുത്ത അപകടംനടന്ന സ്ഥലത്ത് രണ്ടരയേക്കറോളം വരുന്ന ഭൂമിയിൽ യന്ത്രങ്ങളുടെ സഹായത്തോടെ വലിയ തോതിൽ മണ്ണെടുപ്പും പാറഖനനവും നടന്നിരുന്നു. ഈ ഭൂമിക്ക് ചുറ്റും പച്ചവല ഉപയോഗിച്ച് മറച്ച് കെട്ടിയിരുന്നു.