കറുകച്ചാൽ: ഓരോ വർഷവും അറ്റകുറ്റപ്പണികൾക്കും പുനർനിർമാണത്തിനും കോടികളാണ് ചങ്ങനാശ്ശേരി-വാഴൂർ റോഡിനായി പൊതുമരാമത്തുവകുപ്പ് ചെലവഴിക്കുന്നത്. അപകടങ്ങൾ വർധിക്കുമ്പോഴും സുരക്ഷാനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കൊടുംവളവുകൾ നിവർത്താത്തതും പതിവ് അപകട മേഖലകളിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാത്തതുമാണ് പ്രശ്‌നം.

രാത്രികാല അപകടങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം കൂത്രപ്പള്ളിയിൽ മൂന്നുവാഹനങ്ങളാണ് ഒന്നിച്ച്് അപകടത്തിൽപെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. ഒരുവർഷം മുമ്പ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്് നാലുപേർ മരിച്ചതും ഇതേസ്ഥലത്താണ്.

ഭീതി ഉയർത്തി എൻ.എസ്.എസ്.-കൂത്രപ്പള്ളി ഭാഗം

കറുകച്ചാൽ കവല പിന്നിട്ടാൽ നിരപ്പാർന്നതും അപകട സാധ്യത ഏറിയതുമായ സ്ഥലമാണ് എൻ.എസ്.എസ്. ജങ്ഷൻ മുതൽ കൂത്രപ്പള്ളി, മാമ്മൂട് വരെയുള്ള ഭാഗം. ആവശ്യത്തിന് വീതിയുണ്ടെങ്കിലും വേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. സ്പീഡ് ബ്രേക്കറുകളുടെയും ഡിവൈഡറുകളുടെയും അഭാവമാണ് ഓരോ അപകടത്തിനും കാരണം.

ചങ്ങനാശ്ശേരി- വാഴൂർ റോഡിൽ മാത്രം ഈ വർഷം ചെറുതും വലുതുമായി അൻപതിലേറെ അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറെയും എൻ.എസ്.എസ്. പടി മുതൽ മാമ്മൂട് വരെയുള്ള ഭാഗത്താണ്.

കൊടുംവളവുകൾ നിവർത്തണം

പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച റോഡ് ഉന്നതനിലവാരത്തിൽ ടാർ ചെയ്തതല്ലാതെ മാറ്റം വരുത്തിയിട്ടില്ല. കൊടുംവളവുകളും ചെരിവുകളും പഴയ പോലെ തന്നെ. പതിവ് അപകട മേഖലകളായ മൈലാടി, കാഞ്ഞിരപ്പാറ, ഡാണാവുങ്കൽപ്പടി, ഉദയപുരം ഭാഗങ്ങൾ യാത്രക്കാർക്ക് ഭീഷണിയാണ്.

കൊടുംവളവുകളിലേക്ക് കാടുംപടർപ്പും നിറഞ്ഞതോടെ മിക്കയിടത്തും എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണുവാൻ കഴിയില്ല. കഴിഞ്ഞ വർഷം മുപ്പതോളം അപകടങ്ങളുണ്ടായ കാഞ്ഞിരപ്പാറയിലെ കൊടുംവളവ് നിവർത്താമെന്ന് അധികൃതർ വാക്ക് നൽകിയിട്ടും നടപ്പായില്ല.

അപായ സൂചകങ്ങൾ നശിക്കുന്നു

അപായ സൂചനാ മുന്നറിയിപ്പ് ബോർഡുകൾ പലതും കാടുകയറിയും വാഹനങ്ങൾ ഇടിച്ചും തകർന്നിട്ട് വർഷങ്ങളായി. ഇവ പുനഃസ്ഥാപിച്ചിട്ടില്ല.

13 കോടി രൂപ അനുവദിച്ചു

റോഡ് നവീകരണത്തിന് 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് പൂർണമായി പുനർനിർമാണം സാധിക്കില്ല. ഘട്ടംഘട്ടമായി പ്രശ്‌നങ്ങൾ പരിഹരിക്കും.

-എൻ.ജയരാജ് എം.എൽ.എ.