കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ ഇളമ്പാശേരി കുടിവെള്ളപദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മാതൃകാ കുടിവെള്ളപദ്ധതി പൂർത്തിയായതോടെ അമ്പതിലേറേ കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുക.

വരൾച്ച മറികടക്കും

വേനൽ കടുക്കുന്നതോടെ കുടിവെള്ളമെന്നത് സ്വപ്നം മാത്രമായിരുന്ന ഇളമ്പാശേരി നിവാസികൾ വർഷം തോറും പതിനായിരക്കണക്കിന് രൂപയാണ് കുടിവെള്ളത്തിനായി ചെലവഴിച്ചിരുന്നത്. കടുത്തുരുത്തി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഇളമ്പാശേരിയിൽ ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ ഇടപെട്ട് 30 ലക്ഷം രൂപ ലഭ്യമാക്കിയാണ് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്.

25,000 ലിറ്റർ സംഭരിക്കും

മുട്ടുചിറ നീരാക്കൽ ഭാഗത്ത് കുടിവെള്ളത്തിനായി കിണർ നിർമിച്ചു. ഇളമ്പാശേരി മലയിൽ ടാങ്കും പൂർത്തിയാക്കിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 25,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്.

കുടിവെള്ളപദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആൽബർട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ലില്ലിക്കുട്ടി മാത്യു, മാത്യു ജി.മുരിക്കൻ, സൈനമ്മ ഷാജു, ജിൻസി എലിസബത്ത്, കെ.പി.ഭാസ്‌കരൻ, പി.വി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.