ഏറ്റുമാനൂർ: അതിരമ്പുഴ -മെഡിക്കൽകോളേജ് റോഡിൽ യൂണിവേഴ്‌സിറ്റിക്ക്‌ സമീപം വഴിയരികിൽ പാർക്ക്‌ചെയ്തിരുന്ന സ്‌കൂട്ടറിനെ മറികടക്കുന്നതിനിടയിൽ സ്വകാര്യബസ് പ്ലൈവുഡ്ഷീറ്റുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് പാഞ്ഞുകയറി. ഇതിനിടയിൽ സ്‌കൂട്ടറുമായി ബസ് മീറ്ററുകളോളം മുന്നോട്ട് നീങ്ങിയിരുന്നു. നാല് പേർക്ക് പരിക്കേറ്റു.

ഓട്ടോഡ്രൈവർ എസ്.എച്ച്.മൗണ്ട് കൊട്ടാരപമ്പിൽ ജോസ്(48), ബസ് യാത്രക്കാരായ കറുകച്ചാൽ ചെമ്പൻപതാലിൽ ജയന്തി(32), പകലോമറ്റം ചമ്മക്കകോരത്ത് തങ്കമ്മ(62), കടുത്തുരുത്തി വള്ളിയാമ്പറമ്പിൽ അശ്വിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പെട്രോൾ പമ്പിനോട് ചേർന്നുള്ള വഴിയിലായിരുന്നു സ്‌കൂട്ടർ പാർക്ക്‌ചെയ്തിരുന്നത്. ഓട്ടോറിക്ഷയുടെ മുകളിൽ െവച്ചുകെട്ടിയിരിക്കുകയായിരുന്നു പ്ലൈവുഡ്ഷീറ്റുകൾ. ഇതിലാണ് ആദ്യം ബസ് തട്ടിയത്. പോലീസ് കേസെടുത്തു.

വഴിയാത്രക്കാർക്കിടയിലേക്ക്‌ കാർ പാഞ്ഞുകയറി

ഏറ്റുമാനൂർ: നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക്‌ പാഞ്ഞുകയറി. അസം സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.

പേരൂർ കിണറ്റുംമൂട് ഭാഗത്ത് ബുധനാഴ്ച വൈകുന്നേരം 5.45-നായിരുന്നു സംഭവം. അസം സ്വദേശികളായ ഇൻസാൻഅലി(20), ഇക്രാൻഅലി(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിച്ച കാർ ഇൻസാൻഅലിയുമായി 50 മീറ്ററോളം മുന്നോട്ടുനീങ്ങി വഴിയരികിലെ തെങ്ങിലിടിച്ചുനിന്നു. തെങ്ങിലിടിച്ചപ്പോൾ കാറിെന്റ ബോണറ്റിൽനിന്ന് ഇൻസാൻഅലി തെറിച്ച് സമീപത്തെ കെട്ടിടത്തിെന്റ ഭിത്തിയിലിടിച്ചുവീണു.

ഇക്രാൻഅലി റോഡരികിലെ താഴ്ചയിലേക്കാണ്‌ പതിച്ചത്. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

ഇൻസാൻഅലിയുടെ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ഇക്രാൻഅലിയുടെ തലയ്ക്കാണ് പരിക്ക്്. പൂവത്തുംമൂട്ടിലെ ലേബർകോൺട്രാക്‌ടറുടെ പണിക്കാരായിരുന്നു ഇരുവരും. പണികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.