കോട്ടയം: നദീ മാനേജ്മെന്റ് ഫണ്ടിലുൾപ്പെടുത്തി ജില്ലയിൽ പണിതുടങ്ങിയ പാലങ്ങൾക്ക് പാലം വലിച്ച് സർക്കാർ. ആറുമാനൂർ, ചവിട്ടുവരിക്കടവ് പാലങ്ങളാണ് തൂണ് മാത്രമായി പണിനിലച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒൻപത് പാലങ്ങളാണ് ഇൗ ഫണ്ടുകൊണ്ട് നിർമിക്കാൻ തീരുമാനിച്ചത്. റഗുലേറ്റർ-കം ബ്രിഡ്ജ് എന്ന നിലയിലാണ് ഇത് രൂപകൽപ്പന ചെയ്തത്.

സർക്കാർ മാറി; വാക്കും

28.58കോടി രൂപയാണ് ഇതിനെല്ലാമായി നീക്കിവെക്കാൻ തീരുമാനിച്ചത്. ചവിട്ടുവരി, അറുമാനൂർ എന്നിവ കൂടാതെ കൈപ്പട്ടൂർ, തൃപ്പാറ, ചിറ്റൂർക്കടവ് (പത്തനംതിട്ട ജില്ല), മൂവാറ്റുപുഴ സിദ്ധൻപടി (എറണാകുളം), നിലമ്പൂർ( മലപ്പുറം), ഇരിട്ടി (കണ്ണൂർ), മൺറോതുരുത്ത് (കൊല്ലം) എന്നിവയാണിവ. 2016-ൽ പണിതുടങ്ങി 2017 ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ് ഇവ. ആദ്യഘട്ടം പണി ചെയ്ത് അഞ്ചിടത്ത് ബില്ല് നൽകിയപ്പോൾ അത് മാറിനൽകാൻ സർക്കാർ വിസമ്മതിച്ചു. പിന്നീട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പണി തുടങ്ങിയിടത്തെ ബില്ല് തരാമെന്നായി. ഇൗ അഞ്ചെണ്ണം മാത്രം മതിയെന്നും ബാക്കിയുള്ള നാല് പാലംപണി തുടങ്ങേണ്ടെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു.

കോട്ടയത്തെ കഥ

അറുമാനൂർ പാലത്തിന് 3.7കോടി രൂപയാണ് ചെലവ്. 21മീറ്റർ നീളത്തിൽ 3.50മീറ്റർ വീതിയിൽ പണിയും. കാലുകളുടെ പണി പൂർത്തിയായി. ചവിട്ടുവരി കടവിൽ മൂന്ന് സ്പാനുകളാണ്. ഇതേ വീതി. ആദ്യഘട്ടം പണിയുടെ 62ലക്ഷം രൂപയാണ് കുടിശ്ശിക.

ഗുണം

* ആറുമാനൂർ പാലംവന്നാൽ പള്ളിക്കത്തോട് വഴി വരുന്നവർക്ക് അയർക്കുന്നം വഴി പേരൂർകടന്ന് മെഡിക്കൽ കോളേജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് എളുപ്പം പോകാം.

*ചവിട്ടുവരി കടവ് പാലംവന്നാൽ ഇറഞ്ഞാൽ, നട്ടാശ്ശേരി എന്നിവിടങ്ങളിൽനിന്ന് ടൗൺ ചുറ്റാതെ എളുപ്പം കഞ്ഞിക്കുഴിക്കും മറ്റും കയറാം. മീനച്ചിലാറിന്റെ തീരത്ത് വെള്ളംപൊങ്ങുമ്പോൾ മറ്റൊരുവഴിയാണ് ടൗണിലേക്ക് തുറക്കുക.

*വേനലിൽ ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ കിണറുകളിൽ വെള്ളം നിലനിർത്താം. പാലത്തിന് താഴെ ജലനിയന്ത്രണസംവിധാനവും ഉണ്ടാകും.

ജനങ്ങളെയാണ് ശിക്ഷിക്കുന്നത്

റഗുലേറ്റർ-കം ബ്രിഡ്ജ് എന്ന നിലയിലുള്ള ഇൗ പാലങ്ങൾ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായിക്കുമായിരുന്നു. എന്നാൽ, സർക്കാർ മാറി എന്നുപറഞ്ഞ് പണി നിർത്തിച്ചു. ഇത് ജനങ്ങളെ ശിക്ഷിക്കലാണ്.

-തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.