കറുകച്ചാൽ: രാജഭരണത്തിന്റ ചരിത്രവും പാരമ്പര്യവും പേറുന്ന കൊഴുങ്ങാലൂർ ചിറ നശിക്കുന്നു. നെടുംകുന്നം പഞ്ചായത്തിെന്റ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറിലെ ജലസമൃദ്ധമായ ചിറ ഇപ്പോൾ അവഗണനയുടെ സ്മാരകമാണ്. ചിറ സംരക്ഷിക്കണമെന്ന് പലവട്ടം ആവശ്യമുയർന്നിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ചിറയിലെ വെള്ളം മാലിന്യങ്ങളും പായലും പോളയും നിറഞ്ഞനിലയിലാണ്.

ചരിത്രം ഇങ്ങനെ

കൊഴുങ്ങാലൂർ ചിറയ്ക്ക് ടിപ്പു സുൽത്താെന്റ കാലത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രഗ്രന്ഥങ്ങൾ പറയുന്നത്. ടിപ്പുവിെന്റ പടയോട്ട കാലത്ത് തെക്കുംകൂർ രാജാവ് സൈന്യത്തെ നെടുംകുന്നം പ്രദേശത്ത് വിന്യസിക്കുകയും ഉയർന്ന പ്രദേശമായ മുളമലയിൽ തമ്പടിച്ചതായും പറയപ്പെടുന്നു. നൂറുകണക്കിനുള്ള ആന, കുതിര, കാലാൾപ്പട എന്നിവയ്ക്കായി വെള്ളം ശേഖരിക്കാനാണ് ചിറ നിർമിച്ചതെന്നാണ് പഴമക്കാർ പറയുന്നത്.

നെടുംകുന്നത്തെ കരപ്രമാണിയായിരുന്ന ചാത്തനാട്ട് പണിക്കർ എന്നയാളാണ് ചിറ നിർമിക്കാൻ നേതൃത്വം നൽകിയത്. ഇതിനാൽ ചാത്തനാട്ടുചിറയെന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ചാത്തനാട്ടുപണിക്കരുടെ കാലശേഷം കൊല്ലവർഷം 1119-ലാണ് നെടുംകുന്നത്ത് വിവാഹം കഴിച്ചെത്തിയ കോട്ടയം സ്വദേശി നെല്ലിപ്പുഴ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട നവീകരണം നടത്തിയത്. ഇതിനായി സർക്കാരിൽനിന്ന് നാലണയാണ് അന്ന് അനുവദിച്ചത്. ഇതിനുപുറമേ മുക്കാൽ രൂപ കൃഷ്ണപിള്ള സ്വന്തമായി മുടക്കിയെന്നും പറയപ്പെടുന്നു. മലിനജലം ഒഴുകിയിറങ്ങാതിരിക്കാനായി ചിറയ്ക്ക് ചുറ്റും കൽക്കെട്ടുകളും കൽപ്പടവുകളും നിർമിച്ചു. അന്ന് സ്ഥാപിച്ച കൽക്കെട്ടുകളാണ് ഇന്നുമുള്ളത്.

വറ്റാത്ത വെള്ളം

ജലക്ഷാമം ഏറെയുള്ള പ്രദേശത്തെ വറ്റാത്ത ജലശ്രോതസ്സുകളിലൊന്നാണ് ചിറ. ഒരുകാലത്ത് നെടുംകുന്നം ഭദ്രകാളിക്ഷേത്രത്തിന്റെ ആറാട്ടുകുളമായി ഉപയോഗിച്ചിരുന്നതും കൊഴുങ്ങാലൂർ ചിറ ആയിരുന്നു. ചിറയുടെ കൽക്കെട്ടുകൾക്കും ബലക്ഷയമുണ്ട്. രാത്രികളിൽ സാമൂഹികവിരുദ്ധശല്യവും പതിവാണ്. ചിറ നവീകരിച്ച് ഉദ്യാനവും ചുറ്റും നടപ്പാതയും നിർമിച്ച് ടൂറിസം പദ്ധതിയുടെ ഭാഗമാക്കാൻ പഞ്ചായത്ത് പലവട്ടം ആലോചിച്ചിട്ടുണ്ട്. ഓരോ വർഷവും ചിറ നവീകരിക്കാൻ പദ്ധതി ഉണ്ടെങ്കിലും നവീകരണം സ്വപ്നമായി തുടരുകയാണ്.