വൈക്കം: ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലം നിർമാണത്തിനുള്ള നടപടി ഇഴയുന്നു. നിർമാണത്തിന്‌ അനുമതി ലഭിച്ചിട്ട് നാളുകളായി. ഇതുവരെ നിർമാണം തുടങ്ങിയിട്ടില്ല.

പതിറ്റാണ്ടുകൾ കാത്തിരുന്നു

പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മൂന്നുവർഷം മുമ്പാണ് ബജറ്റിൽ തുക അനുവദിച്ചത്. തുടർന്ന് മണ്ണുപരിശോധന അടക്കമുള്ള കാര്യങ്ങളും പൂർത്തിയായി. എന്നാൽ, പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയതോടെ നടപടികൾക്ക് വീണ്ടും കാലതാമസം വന്നു. ഇനി കിഫ്ബിയുടെ അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികളും പൂർത്തീകരിച്ചാൽ മാത്രമേ പാലം നിർമാണം തുടങ്ങാൻ കഴിയുകയുള്ളൂ.

എളുപ്പവഴി

പാലം നിർമിച്ചാൽ ഏനാദി, തുരുത്തുമ്മ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക് യാത്രാസൗകര്യം മെച്ചപ്പെടും. വൈക്കത്തുനിന്ന്‌ പിറവം, കാഞ്ഞിരമറ്റം, മുളന്തുരുത്തി, ചോറ്റാനിക്കര, നീർപ്പാറ തുടങ്ങിയ മേഖലകളിലേക്ക് യാത്ര എളുപ്പമാകും. മൂലേക്കടവിൽ മൂവാറ്റുപുഴയാറിന്‌ കുറുകെ പാലമുയർന്നാൽ ചെമ്പ് ഗ്രാമത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകും.

ജനപ്രതിനിധികൾക്ക്‌ അവഗണന

ഏനാദി മേഖലയുടെ വികസനത്തിന് ജനപ്രതിനിധികൾ മുൻകൈയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നീർപ്പാറ-ഏനാദി-മൂലേക്കടവ് പൊതുമരാമത്തുവകുപ്പ് റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ് നടത്തിയപ്പോഴും ഏനാദി പ്രദേശത്തെ ഉൾപ്പെടുത്താതെ ബ്രഹ്മമംഗലം കല്ലുകുത്താംകടവിൽ അവസാനിപ്പിച്ചു. ഗ്രാമത്തിൽ പ്രധാന ജങ്ഷനിൽ ഒരിടത്തുപോലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.

ഏനാദി കല്ലുകുത്താംകടവ് ജങ്‌ഷനിൽ മൂന്നുവർഷം മുമ്പ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും അതും നടന്നില്ല.

അവഗണന അവസാനിപ്പിക്കണം

ഏനാദി ഗ്രാമത്തോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണം. പ്രധാന ഗ്രാമീണ റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. പഞ്ചായത്തിലെതന്നെ പിന്നാക്ക പ്രദേശമായ വെട്ടിയക്കാട്ട്-കാട്ടിത്തറ റോഡിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.

-എസ്.ജയപ്രകാശ്, ജനറൽ സെക്രട്ടറി, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.