ചങ്ങനാശ്ശേരി: സുപ്രിം കോടതിയിലെ ആദ്യകാല വനിതാ അഭിഭാഷകരിൽ ഒരാളായ ലില്ലി തോമസ് ചങ്ങനാശ്ശേരിയുടെയും അഭിമാനം. ചങ്ങനാശ്ശേരി വലിയകുളത്ത് കുത്തുകല്ലുങ്കൽ അഡ്വ. കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ് ലില്ലി തോമസ്. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തും ചെന്നൈയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ചങ്ങനാശ്ശേരിക്കാർ ലില്ലി തോമസിന്റെ പ്രശസ്തി അറിഞ്ഞുതുടങ്ങിയത് സുപ്രിം കോടതിയിൽ കേസുകൾ വിജയിച്ചപ്പോഴാണ്. ഇൗ പ്രായത്തിലും സുപ്രിം കോടതിയിൽ എത്തിയിരുന്നു ഇവർ. പാവപ്പെട്ടവരുടെയും അനാഥരുടെയും കേസുകൾ പണം വാങ്ങാതെ വാദിച്ചു. സാമൂഹികപ്രതിബദ്ധതയുള്ള കേസുകൾ ദീർഘകാലം വാദിച്ച ഇവരുടെ ഇടപെടലുകൾ പല വിഷയങ്ങളിലും കേന്ദ്രസർക്കാരിനെക്കൊണ്ട് നിയമമുണ്ടാക്കിക്കാനും ഇടയാക്കിയെന്ന് അയൽവാസിയും അധ്യാപകനുമായ വി.ജെ.ലാലി പറഞ്ഞു.

ലില്ലി തോമസിന്റെ സംസാരത്തിലുമുണ്ടായിരുന്നു പ്രത്യേകത. ഏത് വാക്ക് ഉപയോഗിച്ചാലും അതിൽ ഫലിതം ഉണ്ടാകും. മുമ്പ് അവധിക്കാലത്ത് വലിയകുളത്തെ വീട്ടിലെത്തുമ്പോൾ ലില്ലി തോമസിനും കുടുംബാംഗങ്ങൾക്കുമൊപ്പം ഇരുന്ന് ചീട്ടുകളിച്ചിരുന്നത് ഓർക്കുന്നതായും വി.ജെ.ലാലി പറഞ്ഞു. ശരിയാണെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചുനിന്ന് വിജയംവരെ പോരാടിയിട്ടുണ്ട്. ഒന്നരവർഷം മുമ്പ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽവെച്ച് അഡ്വ. ലില്ലി തോമസിന് ചങ്ങനാശ്ശേരി പൗരാവലി സ്വീകരണം നൽകിയിരുന്നു.