വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില തൃക്കാർത്തിക ദർശനം ഭക്തർക്ക്‌ ആനന്ദനിർവൃതിയായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു തൃക്കാർത്തിക ദർശനം. വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രംവിട്ടുപോയതിനുശേഷം വെളുപ്പിന് ആറു മണിയോടെ ദർശനത്തിനായി നട തുറന്നു. താരകസുരനിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയെന്നാണ്‌ വിശ്വാസം.

ഗജപൂജയും ആനയൂട്ടും

വടക്കേനട ആനപ്രേമി സംഘവും ദേവസ്വവും ചേർന്ന് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി. പാറമേക്കാവ് ശ്രീപദ്‌മനാഭനെയാണ് പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ച് പൂജ നടത്തിയത്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് കൊച്ചുനാരായണൻ നമ്പൂതിരി, പാറൊളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. തെക്കേമുറ്റത്ത് നടന്ന ആനയൂട്ടിന് അഞ്ച് ആനകളാണ് നിരന്നത്. പാറമേക്കാവ് ശ്രീപദ്‌മനാഭൻ, ചെറുശ്ശേരി രാജ, തോട്ടയ്ക്കാട്ട് കണ്ണൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകളാണ് ആനയൂട്ടിന് എത്തിയത്. വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി.ജയകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.വിജയകുമാർ, വൈക്കം ജയകുമാർ, ആനപ്രേമിസംഘം രക്ഷാധികാരി അജിത് ഭാസ്‌കർ, പ്രസിഡന്റ് രാഹുൽ കൊറ്റനാട്, സെക്രട്ടറി അജിത്ത് വൈക്കം, ജയകൃഷ്ണൻ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.

ആറാട്ടും കൂടിപ്പൂജയും ഇന്ന്

ക്ഷേത്രത്തിൽ ആറാട്ട് ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. വിശേഷാൽ പൂജയ്ക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. അവകാശിയായ കിഴക്കേടത്ത് മൂസത് അരിയും പൂവും ഒരുക്കിയാണ് ഉദയനാപുരത്തപ്പനെ സ്വീകരിക്കുന്നത്. ആറാട്ടിനുശേഷമാണ് കൂടിപ്പൂജയും വിളക്കും. ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ഒരേ പീഠത്തിലിരുത്തിയാണ് പൂജകൾ നടത്തുന്നത്. കൂടിപ്പൂജ വിളക്കിന് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ ഉദയനാപ്പുരത്തപ്പന്റ തിടമ്പേറ്റും. വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത് പാറമേക്കാവ് ശ്രീപദ്‌മനാഭനാെണന്ന സവിശേഷതയും ഉണ്ട്.

കാർത്തിക വിളക്ക്

ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി 11-ന് കാർത്തിക വിളക്ക് നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. നാലടിയോളം ഉയരം വരുന്ന സ്വർണ ശക്തിവേലും ചാർത്തിയുള്ള രാജകീയ പ്രൗഢിനിറഞ്ഞ എഴുന്നള്ളത്ത് കാണാൻ നിരവധി പേർ എത്തി. സംയുക്ത എൻ.എസ്.എസ്. കരയോഗങ്ങൾ നിറദീപങ്ങളും നിറപറകളും ഒരുക്കി ഉദയനാപുരത്തപ്പനെ വരവേറ്റു.