മണിമല: അഞ്ച് വില്ലേജുകളിൽ കുടിവെള്ളമെത്തിക്കാൻ ഇതിനകം 50 കോടി ചെലവഴിച്ച പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ രണ്ട് വർഷം മുൻപ് മൂന്നുകോടി രൂപ ചെലവഴിച്ച് നിർമാണം തുടങ്ങിയ തsയണനിർമാണം പൂർത്തിയായില്ല. വെള്ളാവൂർ, മണിമല, ചെറുവള്ളി, വാഴൂർ, ആനിക്കാട് വില്ലേജുകളിൽ കുടിവെള്ളം എത്തിക്കാൻ പത്ത് വർഷം മുൻപ് പ്രധാന ജോലികൾ പൂർത്തിയായ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനാണ് മണിമലയാറ്റിൽ മാരൂർ കടവിൽ മൂന്നുകോടിരൂപ ചെലവിൽ തടയണ നിർമാണം ആരംഭിച്ചത്.
തടയണ പൂർത്തിയായാൽ കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഒന്നര കിലോമീറ്റർ ദൂരത്തിൽ ജലം സംഭരിക്കാൻ കഴിയുന്ന തരത്തിലാണ് തടയണ നിർമിച്ചത്. തടയണയുടെ മുകളിലൂടെ മണിമല, വെള്ളാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നടപ്പാലവും വിഭാവനം ചെയ്തിരുന്നു. 75 മീറ്റർ നീളവും രണ്ട് മീറ്റർ ഉയരവും ഏഴ് ഷട്ടറുകളുമുള്ള തടയണയുടെ നിർമാണം എട്ട് മാസം മുൻപ് ഭാഗികമായി പൂർത്തിയായിരുന്നു.
തടയണയ്ക്ക് ഷട്ടർ സ്ഥാപിക്കുകയും നടപ്പാതയ്ക്ക് സ്ലാബുകൾ ഇടുകയും ചെയ്താൽ പദ്ധതി പൂർത്തിയായി മണിമലയാറ്റിൽ ജലലഭ്യത വർദ്ധിക്കും. പ്രധാന ജോലികൾ പൂർത്തിയായിട്ടും അധികൃതർ മൗനം പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 േമയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് അന്നത്തെ ജല വിഭവവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ കെ.ജെ.ജോസഫ് അറിയിച്ചിരുന്നെങ്കിലും പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്.