ഇത്തിത്താനം: അനേകവർഷങ്ങളായി റെയിൽവേയുടെ സ്ഥലത്ത്കൂടിയാണ് കുന്നലിക്കപ്പടി നിവാസികൾ യാത്ര ചെയ്യുന്നത്. ഇപ്പോൾ ആ യാത്രാമാർഗ്ഗം റെയിൽവേ തടഞ്ഞു. മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷയുടെ പേര് പറഞ്ഞ് റെയിൽവേ അധികൃതർ ഗതാഗതം അനുവദിച്ചിട്ടില്ല. റെയിൽവേ ലൈനിന്റെ ഓരത്തുകൂടി കാലങ്ങളായി ഉപയോഗത്തിലിരുന്ന റോഡാണ് അടച്ചത്. നൂറിലധികം വരുന്ന കുടുംബങ്ങൾ ആശുപത്രി ആവശ്യങ്ങൾക്കുപോലും യാത്രസൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം രോഗിയായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുവാനായി റെയിൽവേ അടച്ച ഭാഗത്തുകൂടി ചുമന്ന് മറുവശത്തെത്തിക്കേണ്ടിവന്നു. ഭൂരിഭാഗം രാഷ്ട്രീയപാർട്ടികളും പരിഹാരംതേടി നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
റെയിൽവേയുടെ വിവിധഭാഗങ്ങളിൽ ലൈനിനോട് ചേർന്ന് സുരക്ഷാവേലി (ഫെൻസിങ്ങ്) ഒരുക്കി സുരക്ഷ ഉറപ്പാക്കാമെങ്കിൽ എന്തുകൊണ്ട് ഇവിടെ മാത്രം അങ്ങനെ ആയിക്കൂടാ എന്നും ആളുകൾ ഉന്നയിക്കുന്നു. സുരക്ഷാവേലി രണ്ടുമീറ്റർ ഉള്ളിലേക്ക് നീക്കിയാൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരമാകും. പക്ഷെ അതിന് റെയിൽവേ അധികൃതർ തയ്യാറാവുന്നില്ല.
സുരക്ഷാവേലി ചെയ്തതിലെ ഒരു ഇരുമ്പ് കാൽ മാത്രം നീക്കം ചെയ്താൽ ജനങ്ങൾക്ക് വഴി നടക്കാനാകും. റെയിൽവേ സാധാരണയായി ജനങ്ങൾക്ക് അനുവദിച്ച് നൽകാറുള്ള ആനുകൂല്യം മാത്രം നൽകിയാൽ ഇവിടെ ആംബുലൻസിന് കടക്കാനുള്ള ഇടം ലഭിക്കും. അത് പരിശോധിക്കാതെ തടസ്സവാദങ്ങൾ നിരത്തി ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങൾ അനുഭവിക്കുന്ന ഈ യാതനകൾക്ക് ഉടൻ പരിഹാരമൊരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ് ആവശ്യപ്പെട്ടു.