ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ശൗചാലയം നാട്ടുകാർക്ക് ദുരിതമായി മാറി. കാടുമൂടിയ ശൗചാലയത്തിൽനിന്ന് രാത്രിയും പകലും ദുർഗന്ധം വമിക്കുകയാണ്‌. വ്യാപാരികളും യാത്രക്കാരും പരാതിപറഞ്ഞ്‌ മടുത്തു.

ഇവിടെനിന്നുള്ള മാലിന്യം പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്ന സ്ഥിതിയാണ്‌. അസൗകര്യങ്ങളുടെ നടുവിലാണ് ബസ്‌ സ്റ്റാൻഡ്‌. കക്കൂസ് മാലിന്യമുൾപ്പെടെ രാത്രിയിൽ ഓടകളിലേക്ക് ഒഴുക്കി രക്ഷപ്പെടുകയാണ് നടത്തിപ്പുകാർ.

സ്ഥലപരിമിയാണ്‌ സ്റ്റാൻഡിൽ. നിന്നുതിരിയാനിടമില്ലാത്ത ഡിപ്പോയിൽ ബസുകൾക്ക് നിർത്തിയിടാൻ പോലും മതിയായ സ്ഥലമില്ല. ഇപ്പോൾ എം.സി. റോഡിലാണ് കെ.എസ്.ആർ.ടി.സി.യുടെ രാത്രികാല പാർക്കിങ്‌.

നിലംപൊത്താറയ പഴയ ഡിപ്പോ പൊളിച്ച് പുതിയ പ്ലാനിൽ നിർമിക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപടികൾ ആംഭിച്ചിരുന്നു. നാലുമാസം മുമ്പ് പുതിയ ഡിപ്പോ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക്് അനുമതി ലഭിച്ചതായി സി.എഫ്.തോമസ് എം.എൽ.എ. പറഞ്ഞു. തുക സംബന്ധിച്ച് ചില അവ്യക്തത നില നിൽക്കുന്നതിനാലാണ് ഇപ്പോൾ കാലതാമസം നേരിടുന്നത്.