ഇത്തിത്താനം: വൈദ്യുതി നൽകാൻ വീടിന്റെ ഉടമാവകാശം തടസ്സമാകരുതെന്നാണ് സർക്കാർ നയം. പക്ഷേ, കുട്ടിയമ്മയുടെ കാര്യത്തിൽ ഇത് നടപ്പാകുന്നില്ല. കണ്ണടയുംമുമ്പ് വൈദ്യുതി കിട്ടണേയെന്ന പ്രാർഥനയിലാണ് അവർ. നിയമത്തിന്റെ നൂലാമാലകൾ കാരണം മെഴുകുതിരി വെട്ടത്തിൽ ജീവിതം തള്ളിനീക്കുകയാണ് ഈ വയോധിക. കുറിച്ചി ഒൻപതാം വാർഡിൽ പുളിമൂടിന് സമീപം താമസിക്കുന്ന കല്ലപ്പള്ളിയിൽ കുട്ടിയമ്മയ്ക്കാണ് പല കാരണങ്ങളാൽ വൈദ്യുതി ലഭിക്കാത്തത്.

പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പുറംജോലിക്കാരിയായിരുന്ന പരേതയായ തങ്കമ്മ എന്ന ബന്ധുവിന് പള്ളിക്കാർ വർഷങ്ങൾക്കു മുമ്പ്‌ പണിതുനൽകിയ ഒറ്റമുറിവീട്ടിലാണ് കുട്ടിയമ്മയും മകളും താമസിക്കുന്നത്. ഈ വീടിന് വൈദ്യുതി ലഭിക്കുന്നതിന് വീട്ടുനമ്പർ ആവശ്യമാണെന്നറിയിച്ചതിനെതുടർന്ന് കുറിച്ചി ഗ്രാമപ്പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, വസ്തുവിന് മറ്റൊരു അവകാശികൂടിയുള്ളതുകൊണ്ട് വീട്ടുനമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പഞ്ചായത്തുകാർ കൈയൊഴിഞ്ഞു.

തൊട്ടടുത്ത് താമസിക്കുന്ന മകന്റെ വീട്ടിൽനിന്ന് വൈദ്യുതി എടുക്കാമെന്നുവച്ചാൽ അതിന് കെ.എസ്.ഇ.ബി. നിയമവും അനുവദിക്കുന്നില്ല. മാസം ആകെ ലഭിക്കുന്ന അരലിറ്റർ മണ്ണെണ്ണ വിളക്കുകത്തിക്കാൻ പോലും തികയില്ല. പിന്നെ, മെഴുകുതിരി വെളിച്ചത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.