കുമരകം:  പ്രവേശനോത്സവത്തില്‍ 'വര്‍ണ്ണപ്പറവകള്‍' എന്ന സ്വാഗത ഗാനവുമായി കുമരകം സ്വദേശികള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാകണം എന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം. 

കോവിഡിന്റെ ഭീതിയില്‍ ഭൂരിഭാഗം മാതാപിതാക്കളും മക്കളെ സ്‌കൂളില്‍ അയക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വാഗതഗാനം തയ്യാറാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  

എസ്.ഡി.റാമിന്റെ (ശ്രീറാം ഡേ)  വരികള്‍ക്ക് ഘടം വിദ്വാന്‍ കുമരകം ഗണേഷ് ഗോപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. മോട്ടീവ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സ്വാഗതഗാനം നാട്ടുവാര്‍ത്ത യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. 

ഗൗരീശങ്കരി, ദേവികരാജേഷ്, ദേവീ വന്ദന എന്നിവരാണ് ഗായകര്‍. ആര്‍.കെ. ലാല്‍ ത്രയം (ഓര്‍ക്കസ്‌ട്രേഷന്‍), സതീഷ് സദാനന്ദന്‍ (സംവിധാനം) , സരുണ്‍ വൃന്ദാവന്‍, അഖില്‍ വൃന്ദാവന്‍ (ക്യാമറ ), മാഗ്‌നാസ് പ്രഭു രാജ് (ചിത്രസംയോജനം), ലിനി മോള്‍ അലാ മോഡ് ബ്യൂട്ടി സ്റ്റുഡിയോ (ചമയം) , ബിറ്റു വൃന്ദാവന്‍, ടി.എസ്.അജിത്ത് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.