കുമരകം: ശക്തമായ മഴയും കാറ്റും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ചെങ്ങളം, തിരുവാർപ്പ്, കാഞ്ഞിരം പ്രദേശങ്ങൾ വെള്ളത്തിലായി. കാഞ്ഞിരം മലരിക്കൽ പ്രദേശത്തേക്കുള്ള റോഡുകൾ ഉയർത്തിയതിനാൽ ഇവിടെ ഗതാഗത തടസ്സമുണ്ടായിട്ടില്ല. അതേസമയം ഇല്ലിക്കൽ-തിരുവാർപ്പ് റോഡ് വെള്ളത്തിലായി.
രണ്ടുവർഷം മുമ്പ് റോഡ് സംരക്ഷണഭിത്തി നിർമിച്ച ചേരിക്കൽ പ്രദേശത്താണ് ഇപ്പോൾ വെള്ളം കയറി ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുന്നത്. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ അറുപറയിലുള്ള വീടുകളിൽ വെള്ളം കയറിത്തുടങ്ങി. അറുപറ പിണക്കുഴത്തിൽ ബൈജു പി.ടി.യുടെ വീടിന്റെ ഉള്ളിൽ ഒരടിയോളം വെള്ളം എത്തിക്കഴിഞ്ഞു. ചെങ്ങളം കയത്തുകടവിൽ മീരാഭവനിൽ സജീവ്കുമാറിന്റെ വീട്ടിലും വെള്ളം കയറി.
കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ മീനച്ചിലാർ കരകവിയുമോയെന്ന ആശങ്കയിലാണ്. ജലാശയത്തിന്റെ തീരങ്ങളിൽ താമസിക്കുന്നവർ സാധനസാമഗ്രികളും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ്, ചെങ്ങളം പ്രദേശങ്ങളിലെ ഒട്ടുമിക്ക പറമ്പുകളിലും വെള്ളം നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സങ്ങൾമൂലം കുമരകത്ത് റോഡുകളിലും ചെറുതോടുകളിലും ജലനിരപ്പ് ഉയരുകയാണ്.
മഴയെത്തി ജലാശങ്ങളിലെ ഉപ്പുവെള്ളം മാറി കൃഷിക്ക് അനുയോജ്യസാഹചര്യം ഒരുങ്ങിയെന്ന് ആശ്വസിച്ചിരുന്ന കർഷകർ കൃഷി സംരക്ഷണത്തിനായി പുറംബണ്ടുകൾ ശക്തിപ്പെടുത്തുന്ന തിരക്കിലാണ്.