കുമരകം: തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക്‌ ആശങ്ക. പ്രളയാനന്തരം കായലിനെ മാലിന്യമുക്തമാക്കാൻ ഇത്തവണ ഷട്ടറുകൾ അടയ്ക്കില്ലെന്നാണ്‌ മുമ്പ്‌ അറിയിച്ചിരുന്നത്‌. എന്നാൽ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ട സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. ഇതാണ്‌ കർഷകരെയും മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കിയത്.

ആലപ്പുഴ കളക്ടർ ചെയർമാനായ ഉപദേശക സമിതിയാണ്‌ കാർഷിക കലണ്ടർ പ്രകാരം ബണ്ട്‌ അടയ്ക്കുന്നതും തുറക്കുന്നതും തീരുമാനിക്കുന്നത്‌. ഡിസംബർ പകുതിയോടെ ഷട്ടർ അടച്ച് മാർച്ചിൽ തുറക്കുകയാണ്‌ പതിവ്‌.

ബണ്ട്‌ അടയ്ക്കുന്നത്‌ നെൽകൃഷിക്ക് ഗുണകരമാണ്‌. എന്നാൽ കായൽ ജലം കെട്ടിക്കിടന്ന്‌ മലിനപ്പെടുന്നത്‌ മത്സ്യസമ്പത്തിനെ ബാധിക്കും. എല്ലാവർഷവും ഇതുസംഭവിക്കാറുണ്ടെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കരിമീൻ, കക്കയിറച്ചി, കൊഞ്ച് തുടങ്ങി കായൽമത്സ്യസമ്പത്തിൽ വൻകുറവ് സംഭവിക്കുന്നു. നെൽകൃഷിക്കുപയോഗിക്കുന്ന രാസവളങ്ങളാണ്‌ പ്രധാന കാരണം.

അപ്പർകുട്ടനാട്ടിൽ ഏകദേശം 15000 ഹെക്ടർ പാടശേഖരങ്ങളിലായി വിരിപ്പ്, പുഞ്ച എന്നിങ്ങനെ രണ്ട് കൃഷികളാണ് പ്രധാനമായും നടക്കുന്നത്. ഓരോ തവണയും ഒരേക്കറിൽ മൂന്ന് തവണയായി 200 മുതൽ 250 കിലോഗ്രാം വരെ രാസവളവും മൂന്നര ലിറ്ററോളം കള, കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 15000 ഹെക്ടർ കൃഷിയിടങ്ങളിൽനിന്നു പുറം തള്ളുന്ന രാസവളങ്ങൾ കായലിനെ മലിനമാക്കുന്നു. ബണ്ട് അടയ്ക്കാതെ ഇരുന്നാൽ ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കുമെന്നത്‌ ഏറെ ഗൗരവമുള്ളതാണ്.

സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത്‌ തടയാനാണ് തണ്ണീർമുക്കം ബണ്ട് നിർമിച്ചത്‌. 1958-ൽ നിർമാണം ആരംഭിച്ച് 1975-ൽ പൂർത്തീകരിച്ചു. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടുകായലിന്‌ കുറുകെയാണ് നിലകൊള്ളുന്നത്.

ജൈവകൃഷി ഫലപ്രദം

വെള്ളത്തിലെ ലവണാംശം ഇടയ്ക്കിടെ പരിശോധിക്കണം. കാർഷികവിളകളെ ഉപ്പുരസം ബാധിക്കാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ട് തുറക്കുകയും അടയ്ക്കുകയും വേണം. രാസകീടനാശിനികൾ ഒഴിവാക്കി ജൈവകീടരോഗനിയന്ത്രണമാർഗങ്ങൾ കർഷകർ അവലംബിക്കണം. കൂടാതെ ഒരുനെല്ലും ഒരുമീനും താറാവും പോലുള്ള സംയോജിത കൃഷിരീതികൾ ലാഭവും കൃഷി ജൈവപരവും ആയി മാറുന്നതാണ്. -ഡോ. ജി.ജയലക്ഷ്മി (മേധാവി, കുമരകം കൃഷി വിജ്ഞാനകേന്ദ്രം)