കോട്ടയം: ബേക്കർ ജങ്ഷൻമുതൽ നാഗമ്പടം പാലംവരെയുള്ള ഭാഗത്ത് ഒന്നുകിൽ കുരുക്കാണ് അല്ലെങ്കിൽ വാഹനങ്ങൾക്ക് അമിതവേഗം. ഇവയ്ക്കെല്ലാം പരിഹാരമായിട്ടാണ് മുമ്പ് റോഡിന് നടുവിൽ വേലി സ്ഥാപിച്ചിരുന്നത്. ഇത് എടുത്തുമാറ്റിയതോടെ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ ട്രാക്ക് മാറി വലത്തേക്കുകയറ്റി ഒാടിക്കുന്നത് പതിവാണ്. ചൊവ്വാഴ്ച യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ഇൗ നിയമലംഘനമാണ്.
ബേക്കർ ജങ്ഷൻ കഴിഞ്ഞ് ഇറങ്ങിവന്ന കെ.എസ്.ആർ.ടി.സി. ബസ് വൈ.ഡബ്ലിയു.സി.എ. കഴിഞ്ഞപ്പോൾ വലത്തേ ട്രാക്കിലേക്ക് കയറി. ഇൗ സമയം എതിർദിശയിൽ വാഹനങ്ങൾ കുറവുമായിരുന്നു. അമിതവേഗത്തിൽ ബസ് കയറി എതിരേവന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തൽക്ഷണം യുവാവ് മരിച്ചു. ബസിന് അടിയിൽ കുരുങ്ങിയ ബൈക്ക് 10മീറ്ററോളം വലിച്ചുമാറ്റി.
ബേക്കർമുതൽ നാഗമ്പടംവരെ വഴി രണ്ടായി തിരിക്കുന്ന വേലികൾ അനിവാര്യമാണെന്ന് വ്യാപാരികളും ഒാട്ടോതൊഴിലാളികളും പറയുന്നു. വണ്ടികൾ ട്രാക്ക് മാറി ഒാടുന്നത് ഒഴിവാക്കണം. ട്രാക്ക് മാറിവരുന്ന ബസുകളിൽനിന്ന് രക്ഷപ്പെടാൻ എത്ര ഒഴിഞ്ഞ് മാറിയാലും രക്ഷയില്ല.
അപകടം മുമ്പും
ഇതേ ഭാഗത്ത് മുമ്പും അപകടവും മരണവും ഉണ്ടായിട്ടുണ്ട്. വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരി മരിച്ചത് അടുത്തകാലത്താണ്. റോഡുമുറിച്ച് കടക്കവേ വണ്ടി തട്ടുകയായിരുന്നു. ഒഴിഞ്ഞ ട്രാക്കിലേക്കുകയറി റോഡുമുറിച്ച് കടക്കൽ പൂർത്തിയാക്കുംമുമ്പ് ദിശമാറി വന്ന വണ്ടി ഇടിക്കുകയായിരുന്നു. ഏറ്റുമാനൂർവരെ വളവുകളിൽ ബസുകൾക്ക് ഇൗ രീതിയുണ്ട്. നാഗമ്പടം, കാരിത്താസ്, ചെമ്പരത്തിമൂട് എന്നിവിടങ്ങളിലെല്ലാം വളവിൽ ബസുകൾ എതിർ ട്രാക്കിലേക്ക് കയറ്റി ഒാടിച്ച് കുരുക്കിൽ മുന്നിൽ കയറാൻ ശ്രമിക്കാറുണ്ട്.
മകനെ കാത്തിരുന്നു; അറിഞ്ഞത് മരണവാർത്ത
നഗരസഭയിൽ ഒരാവശ്യത്തിനുപോയ അച്ഛൻ മകൻ തന്നെ വിളിച്ചുകൊണ്ട് പോകാൻ വരുമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിനെ സങ്കടത്തിലാക്കിയെത്തിയത് മരണവാർത്ത. മരിച്ച കുരുവിള വർഗീസ് അച്ഛൻ വർഗീസ് കുരുവിളയെ വിളിക്കാനുള്ള യാത്രയിലാണ് അപകടത്തിൽപ്പെട്ടത്.
Content Highlights: KSRTC bus rams onto bike in Kottayam, 1 killed