ഘോഷയാത്ര
കോട്ടയം: പീതവര്‍ണ്ണം വിടര്‍ന്ന നിരത്തുകളില്‍ ഗുരു മന്ത്രധ്വനികള്‍ അലയടിച്ചു. അലങ്കരിച്ച വാഹനങ്ങളില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുമായി, നൂറുകണക്കിന് ശ്രീനാരായണ ഭക്തര്‍ ക്രിസ്മസ് ദിനത്തില്‍ ശിവഗിരിയിലെത്തി. ഗുരുധര്‍മ്മ പ്രചാരണ സഭ കോട്ടയം ജില്ലാ കമ്മിറ്റി, 90-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉല്‍പന്ന വാഹന ഘോഷയാത്ര ഭക്തിനിര്‍ഭരമായി. കപ്പ, ചേന, വാഴക്കുല, നാളികേരം, അരി തുടങ്ങി ടണ്‍ കണക്കിന് സാധനങ്ങളാണ് ഭക്തര്‍ ഗുരുപൂജയ്ക്കായി സമര്‍പ്പിച്ചത്.
ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ, കോട്ടയം, നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചാരണ സഭ (ജി.ഡിപിഎസ്) കേന്ദ്ര ഉപദേശക സമിതി ചെയര്‍മാന്‍ കുറച്ചി സദന്‍ അധ്യക്ഷനായിരുന്നു. ബ്രഹ്‌മശ്രീ കൈവല്യാനന്ദ സരസ്വതി സ്വാമികള്‍ (അദ്വൈതവിദ്യാശ്രമം, കുറിച്ചി) അനുഗ്രഹപ്രഭാഷണം നടത്തി. ബ്രഹ്‌മശ്രീ ബോധിതീര്‍ഥ സ്വാമി (കുന്നുംപാറ മഠം) ഉല്‍പന്നയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
ജി.ഡിപിഎസ് ജില്ലാ സെക്രട്ടറി ബിജു വ്യാസ്, കേന്ദ്ര സമിതിയംഗം സുകുമാരന്‍ വാകത്താനം, വാഹന ഘോഷയാത്ര കണ്‍വീനര്‍ ഷിബു മൂലേടം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗുരുപൂജ ഉല്‍പ്പന്ന വാഹനങ്ങളുടെ സാരഥികളെ ചടങ്ങില്‍ ആദരിച്ചു.

വൈകുന്നേരം അഞ്ചോടെ ഭക്തസംഘം ശിവഗിരിയിലെത്തി. ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍, മഠം ജനറല്‍ സെക്രട്ടറി ബ്രഹ്‌മശ്രീ ശുഭാംഗാനന്ദ സ്വാമികള്‍, പി. ആര്‍.ഒ സോമനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ എതിരേറ്റു. ഉല്‍പ്പന്ന സമര്‍പ്പണ യാത്രയ്ക്ക് തുടക്കമിട്ട, ജി.ഡി പി.എസ്. മുന്‍ ജില്ലാ സെക്രട്ടറി ഷിബു മൂലേടത്തെ സ്വാമിമാര്‍ പൊന്നാടയണിയിച്ചു. ഗുരുപൂജയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഭക്തസംഘം മഹാസമാധിയില്‍ സമര്‍പ്പിച്ചു.
ടി.ജി രവീന്ദ്രന്‍, പി.ഡി. മനോജ്, പി.കെ രാജു, രാജു കരമശ്ശേരില്‍, രാജു ശ്രീമംഗലം, ഗോപാലകൃഷ്ണന്‍, കെ.സി.ബാബു, അനിരുദ്ധന്‍, സജീവ് എന്നിവരുള്‍പ്പെട്ട സംഘാടക സമിതിയാണ് വാഹന ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. മൂലേടം, പാക്കില്‍, നാട്ടകം, പുതുപ്പള്ളി, പരിയാരം, വാകത്താനം, വൈക്കം, ഉദയനാപുരം, ആറാട്ടുകുളങ്ങര, ഇടയാഴം, തോട്ടകം, വെച്ചൂര്‍, കൈപ്പുഴ മുട്ട് കുമരകം എന്നിവിടങ്ങളില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചത്. 2012 മുതല്‍ കോട്ടയം ഗുരുധര്‍മ്മ പ്രചാരണ സഭ ഉല്‍പ്പന്ന സമര്‍പ്പണ യാത്ര മുടങ്ങാതെ നടത്തിവരുന്നു.
Content Highlights: Kottayam Sivagiri Pilgrimage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..