കോട്ടയം: ശബരിമലയിൽ ആചാരലംഘനം നടന്നതിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. വൈക്കത്ത് യു.ഡി.എഫ്. പ്രതിഷേധപ്രകടനത്തിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പ്രവർത്തകന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈക്കം നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. ഹർത്താൽ നടത്തുന്നു.

ജില്ലയിൽ മിക്കയിടത്തും റോഡുകൾ ഉപരോധിച്ചു. ചങ്ങനാശേരിയിൽ സെൻട്രൽ ജങ്ഷനിൽ റോഡ് ഉപരോധിച്ചു. കോൺഗ്രസിന്റെയും നേതൃത്വത്തിലും പ്രതിഷേധപ്രകടനം നടന്നു. രാവിലെ മുതൽ വൈകീട്ട് വരെ നൂറോളം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ഉൾപ്പെടുന്ന ഭക്തർ മുഖ്യമന്ത്രിക്ക് എതിരായ മുദ്രാവാക്യങ്ങളും മുഴക്കി. കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, പൊൻകുന്നം, പാലാ, ഏറ്റുമാനൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വൈകീട്ടായിരുന്നു പ്രതിഷേധപ്രകടനം. ഗ്രാമപ്രദേശങ്ങളിലും പ്രതിഷേധം ഉയർന്നു.

കോട്ടയത്ത് തിരുനക്കര മൈതാനത്ത് നിന്ന്‌ ആരംഭിച്ച കർമ്മസമിതിയുടെ പ്രകടനം ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോൾ പ്രതിഷേധവുമായി നിന്ന കോൺഗ്രസ് പ്രവർത്തകരോട് വഴിയൊരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തിനും തള്ളിനും കാരണമായി. പോലീസും പ്രവർത്തകരുമായുള്ള ഉന്തും തള്ളലിനുമിടയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചു.

പോലീസും കർമ്മസമിതി പ്രവർത്തകരും വഴിയൊരുക്കിയാണ് കർമ്മസമിതിയുടെ പ്രവർത്തകർ ഗാന്ധിസ്‌ക്വയർ കടന്നുപോയത്. കളക്ടറേറ്റിന് സമീപം പ്രകടനം പോലീസ് ബാരിക്കേഡുകളുയർത്തി പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ബി.ജെ.പി. നേതാക്കളായ പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, എൻ.ഹരി, അഡ്വ. എസ്.മനു, പി.എ.പ്രസാദ് എന്നിവർ സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ ടൗൺ ചുറ്റി പ്രകടനം നടത്തി ട്രാഫിക് ജങ്‌ഷൻ ഉപരോധിച്ചു. പ്രതിഷേധയോഗം കർമ്മസമിതി താലൂക്ക് സെക്രട്ടറി കെ.എസ്.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കർമ്മസമിതി നേതാക്കളായ വി.ശശി, ഒ.ആർ.ഹരിദാസ്, എ.ഐ.രഘു, രാജു വെള്ളയ്ക്കൽ, ഷിജു എബ്രഹാം, ബി.ആർ.മഞ്ജീഷ്, ജി.ശ്രീകുമാർ, ഷൈലമ്മ രാജപ്പൻ, പ്രസന്നകുമാരി, സുമീഷ്, എം.ബി.രാജഗോപാൽ, കെ.ജി.രാജ് മോഹൻ, എ.മനോജ്, മനോജ് മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.