കോട്ടയം: കുടിയേറ്റ മേഖലകളിൽനിന്ന്‌ കർഷകരെ കുടിയിറക്കിനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഉത്പന്നമാണ് ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ’ഗാഡ്ഗിൽ റിപ്പോർട്ടും പ്രളയാനന്തര കേരളവും’ ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയുടെ മറവിൽ ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യവുമായി കപടപരിസ്ഥിതിവാദികളും കാർബൺ ഫണ്ടിന്റെ ഗുണഭോക്താക്കളും രംഗത്തെത്തിയത് കുടിയിറക്കിന് അവസരമൊരുക്കാനാണ്. കേരളത്തിലെ പരിസ്ഥിതിയും ആഘാതത്തിന്റെ സ്വാഭാവികതയും ശാസ്ത്രീയപഠനത്തിന് വിധേയമാക്കണം. വനവിസ്തൃതി ഒട്ടും കുറയാത്ത സംസ്ഥാനമാണ്‌ കേരളം. മറിച്ചുള്ള പ്രചാരണം കർഷകരെ ലക്ഷ്യം വെച്ചുള്ളതാണ്‌.

എസ്. ഭാസ്കരൻപിള്ള അധ്യക്ഷത വഹിച്ചു. ഇ.കെ.ഹസൻകുട്ടി, ജോസ്‌, മുഹമ്മദ് സക്കീർ, എം.എം.സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ജോർജ് വടക്കൻ, കെ.കെ.ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.