കോട്ടയം: മൂന്നുരോഗികൾ അടുത്തടുത്ത ദിവസങ്ങളിലായി മരിച്ചതറിഞ്ഞ് കോട്ടമുറി പ്രദേശവാസികൾ പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രതിഷേധവുമായെത്തി.

മാനസിക വെല്ലുവിളി നേരിടുന്നവരെയും ലഹരിക്കടിപ്പെട്ടവരെയുമാണ് പുതുജീവൻ ട്രസ്റ്റിൽ ചികിത്സിക്കുന്നത്. പുറത്തെ ബഹളം കേട്ട് കമ്പിവലയിട്ട അടച്ചുപൂട്ടിയ മുറിയിൽനിന്ന് ചെറുപ്പക്കാരും മധ്യവയസ്കരുമായ രോഗികൾ എത്തിനോക്കി. രോഗികളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നതുകേട്ടതോടെ രോഗികളോട് കാര്യം തിരക്കി. മർദനം പതിവാണെന്നും ഇവർ പറഞ്ഞു. അതേസമയം, അത്തരം കാര്യങ്ങളെല്ലാം കള്ളമാണെന്ന് ട്രസ്റ്റ് ചെയർമാൻ വി.സി.ജോസഫ് പറഞ്ഞു. ലഹരിമരുന്നുപയോഗത്തിൽ അടിമകളായവരെ വീട്ടുകാർതന്നെയാണ് വൻതുക നൽകി ഇവിടെ ചികിത്സയ്ക്കായി എത്തിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽനിന്ന് വിവരം അറിഞ്ഞ് പലരുടെയും ബന്ധുക്കൾ രോഗികളെ മടക്കിക്കൊണ്ടുപോകാൻ സ്ഥലത്തെത്തി. വൈകുന്നേരത്തോടെ രണ്ടുപേരെ കൊണ്ടുപോയി. 14 മുതൽ 75 വരെ പ്രായമുള്ളവർ ഇവിടെ അന്തേവാസികളായുണ്ട്.

61 രോഗികളുള്ള സ്ഥാപനത്തിൽ 43 പേരാണ് നഴ്സുമാരുൾെപ്പടെ ഒാഫീസ് ജീവനക്കാർ. രണ്ട് സൈക്യാട്രിസ്റ്റുകൾ, ഒന്നുവീതം ഫിസിഷ്യൻ, സൈക്കോളജിസ്റ്റ് എന്നിവരുടെ മേൽനോട്ടത്തിലാണ് ചികിത്സകൾ. ഒരുമാസത്തെ ചികിത്സയ്ക്ക് 25,000 രൂപമുതലാണ് സ്ഥാപനം ഈടാക്കുന്നത്.

2012-ലാണ് വി.സി.ജോസഫ് പുതുജീവൻ ട്രസ്റ്റ് മാനസിക ചികിത്സാലയം തുടങ്ങിയത്. ഹെഡ് കോൺസ്റ്റബിളായിരുന്ന ജോസഫ് ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷമാണ് സേവന രംഗത്തേക്ക്‌ പ്രവേശിക്കുന്നത്. പുതുജീവനെന്നപേരിൽ പായിപ്പാട് നാലുകോടിയിൽ അഗതിമന്ദിരവും ട്രസ്റ്റിനുണ്ട്.

ഇത് മൂന്നുപേർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ജോസ് കടുത്താനം സൗജന്യമായി നൽകിയ രണ്ടേകാൽ ഏക്കർ സ്ഥലത്താണ് പുതുജീവൻ ട്രസ്റ്റ് മാനസിക ആശുപത്രി പ്രവർത്തിക്കുന്നത്.

മാലിന്യം തള്ളുന്നത് തുറസ്സായ സ്ഥലത്തെന്ന് പരാതി

മാനസികാരോഗ്യകേന്ദ്രത്തിലെ മലിന്യനിർമാർജനത്തിനെതിരേയും പരിസരവാസികളുടെ പ്രതിഷേധം. സ്ഥാപനത്തിലെ മാലിന്യങ്ങൾ തുറസ്സായ സ്ഥലത്തേക്ക്‌ തള്ളുകയാണെന്നാണ് പരാതി. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക്‌ തന്നെയാണ് ശൗചാലയത്തിൽനിന്നുള്ള മലിനജലക്കുഴൽ തുറന്നുവച്ചിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാർ പരാതി പറയുമ്പോൾ മാലിന്യത്തിന് മുകളിൽ മണ്ണിട്ട് നികത്താറാണ് പതിവ്. മലിനജലത്തിന്റെ ദുർഗന്ധം സഹിക്കാനാവില്ലെന്ന്‌ നാട്ടുകാർ പറയുന്നു. എന്നാൽ, ഖരമാലിന്യങ്ങൾ കത്തിച്ച് കളയുന്നതിന് ആധുനിക സംവിധാനങ്ങളുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും മലിനജലം ശുദ്ധീകരിക്കുന്നതിനായി മലിനജലശുദ്ധീകരണപ്ലാന്റ് ഒരാഴ്ചയ്ക്കുള്ളിൽ കമ്മിഷൻ ചെയ്യുമെന്നും ട്രസ്റ്റ് ചെയർമാൻ വി.സി.ജോസഫ് പറഞ്ഞു.

പ്രതിഷേധവുമായി നാട്ടുകാരും പഞ്ചായത്തും

മൂന്നുരോഗികൾ അടുത്തടുത്ത ദിവസങ്ങളിലായി മരിച്ചതറിഞ്ഞ് കോട്ടമുറി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനസമിതിയംഗം ബി.രാധാകൃഷ്ണ മേനോന്റെ നേതൃത്വത്തിൽ ബി.ജെ.പി.യും മനുകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജുവും ഗ്രാമപ്പഞ്ചായത്തംഗങ്ങളും പ്രതിഷേധവുമായെത്തി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ബിനുവും അംഗങ്ങളും പ്രതിഷേധിക്കാനെത്തിയിരുന്നു.