കോട്ടയം: മലരിക്കൽ വയലോര-കായലോര വിനോദസഞ്ചാരത്തിന് വെള്ളിയാഴ്ച തുടക്കമാകുമ്പോൾ ഇക്കുറി വനസവാരിക്കുകൂടി അവസരമൊരുങ്ങുന്നു. സൂര്യാസ്തമനം കാണാവുന്ന മലരിക്കലിലെ ഉദയാസ്തമന കേന്ദ്രത്തിനു പുറകിലായി വ്യാപിച്ചു കിടക്കുന്ന രണ്ടരയേക്കർ വനത്തിലൂടെയുള്ള യാത്രയാണ് വനസവാരിക്കായി തുറന്ന് കിട്ടുന്നത്. ദേശാടന പക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികളെ കാണാനുള്ള അവസരമുണ്ട്. പാടത്തിലൂടെ നെൽകൃഷി അറിഞ്ഞുള്ള വയൽസവാരിക്കും അവസരമുണ്ട്. പാടത്തിനു സമീപമുള്ള ചെറു റോഡുകളിലൂടെ സൈക്കിളിൽ സവാരി നടത്താനും അവസരമുണ്ട്. ആളുകൾക്ക് വിശ്രമിക്കാനും ഇരുന്ന് ഭക്ഷണം കഴിക്കാനുമായി മുളക്കമ്പുകളിൽ ഇരിപ്പിടങ്ങളും ഊഞ്ഞാലും ഒരുക്കിയിരിക്കുന്നു. പഴുക്കാനില കായൽ ഉൾപ്പെടെ വേമ്പനാടിന്റെ ഭംഗിയറിഞ്ഞുള്ള ബോട്ടുയാത്രയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസയോജന പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തുമായി സഹകരിച്ചാണ് മലരിക്കൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ് നടത്തുന്നത്. വെള്ളിയാഴ്ച മുതൽ മാർച്ച് ഒന്നുവരെയാണ് ഫെസ്റ്റ്് അരങ്ങേറുന്നത്. എല്ലാദിവസവും വൈകന്നേരം 5.30 മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റ്. വൈകുന്നേരങ്ങളിൽ നാട്ടരങ്ങ്, കലാസന്ധ്യ എന്നീ പേരിൽ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. നാട്ടിലെ പ്രതിഭ തെളിയിച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ഗാനമേള, ഡാൻസ് കോമഡി ഷോ എന്നിവ അറങ്ങേറും. സമാപനദിവസമായ മാർച്ച് ഒന്നിനു മാജിക് ഷോ, ദഫ് മുട്ട്, മാർഗംകളി, പരുന്താട്ടം, വില്ലടിച്ചാൻപാട്ട്, പിന്നൽ തിരുവാതിര എന്നിവ അരങ്ങേറും. ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവരിൽ നിന്നുമുള്ള കൂപ്പണുകൾ നറുക്കിട്ട് സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകും.

മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സഹകരണ ബാങ്ക്, ജെ ബ്ലോക്ക്-തിരുവായ്ക്കരി പാടശേഖര സമിതികൾ, ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘം എന്നിവരാണ്‌ പ്രധാന സംഘാടകർ.