കടുത്തുരുത്തി: പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ പോരാട്ടത്തിൽ മാതൃകയാവുകയാണ് കല്ലറ പഞ്ചായത്തിലെ പത്താം വാർഡ്. പൂർണമായും ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് പെരുന്തുരുത്ത് ഗ്രാമത്തിൽ വിജയകരമായി നടപ്പാക്കുന്നത്. വാർഡിലെ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും 50 കിലോഗ്രാം മാലിന്യം നിറയ്ക്കാവുന്ന 280 ചാക്കുകൾ നൽകിയിട്ടുണ്ട്. ഈ ചാക്കുകളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിക്കും.

ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഷ്രെഡിങ്‌ യൂണിറ്റിൽ എത്തിക്കും. സ്‌കൂൾ, കോളജ് വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും യുവ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ്‌ അംഗങ്ങളുമാണ് ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് ശേഖരിച്ചിരുന്നത്. തുടക്കത്തിൽ പദ്ധതിക്ക് പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഇപ്പോൾ ജനങ്ങളുടെ പൂർണ സഹകരണമുണ്ടെന്നും ഇ-വേസ്റ്റ് ശേഖരണത്തിനും ഈ മാതൃക പിന്തുടരാൻ ലക്ഷ്യമിടുന്നതായും പഞ്ചായത്തംഗം പി.കെ.സോമൻ പറഞ്ഞു. വാർഡ് പൂർണമായും ഹരിതാഭമാക്കുന്നതിനും പച്ചക്കറി ഉദ്പാദനത്തിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും നടക്കുന്നു.

ജൈവ പച്ചക്കറി പരിപോഷിപ്പിക്കുന്നതിനായി സ്‌കൂൾ കുട്ടികൾക്ക് തൈകളും ഗ്രോബാഗുകളും വിതരണം ചെയ്തതായും അധികൃതർ പറഞ്ഞു. കൂടാതെ പദ്ധതിയുടെ ഭാഗമായി പെരുന്തുരുത്ത് എസ്.കെ.വി. ഗവ.യു.പി. സ്‌കൂൾ മൈതാനത്തിനുസമീപം ജൈവവൈവിധ്യ പാർക്ക് ഒരുക്കി പച്ചക്കറി തൈകളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.