കറുകച്ചാൽ: ഭക്ഷ്യവിഷബാധയെ തുടർന്ന് അഞ്ച് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. രാഹുൽ (18), അജേഷ് (19), സഫിൻ (19), നിഥിൻലാൽ (19), ജെയ്‌സൺ (19) എന്നിവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽനിന്നുള്ള ആഹാരമാണ് ആരോഗ്യപ്രശ്നത്തിന് കാരണമെന്ന് കുട്ടികൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് വിദ്യാർഥികൾ വെള്ളിയാഴ്ച പഠിപ്പുമുടക്കി കോളേജിന് മുൻപിൽ സമരം നടത്തി. കറുകച്ചാൽ പോലീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഹോസ്റ്റലിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന ആരോപണം ശരിയല്ലെന്ന് സ്ഥാപന അധികാരികൾ പറഞ്ഞു.