കോട്ടയം: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് നവീകരണത്തിന് ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അറിയിച്ചു.
അറ്റകുറ്റപ്പണി മാത്രം
സ്റ്റാൻഡിലെ തകർന്നുകിടക്കുന്ന ഭാഗങ്ങളും കാത്തിരിപ്പുകേന്ദ്രം, ശൗചാലയം എന്നിവ വൃത്തിയാക്കാനാണ് ശ്രമം. പ്ലാറ്റ്ഫോമുകൾ ഇന്റർലോക്ക് കട്ടകൾ പാകി പുനർനിർമിക്കുന്നത് അടക്കമുള്ള നവീകരണപ്രവർത്തനങ്ങൾ വേഗം തീർക്കാനാണ് പദ്ധതി. സ്റ്റാൻഡിന് നടുവിലെ തകർന്നുവീഴാറായ കെട്ടിടം പൊളിച്ചാണ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക.
ഇവിടെ പ്രവർത്തിക്കുന്ന ഓഫീസ് സ്റ്റാൻഡിലെ തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറ്റും. നിലവിലുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കുമ്പോൾ താത്കാലിക ക്രമീകരണമെന്നനിലയിൽ ബസ്സ്റ്റാൻഡിന്റെ വടക്കു ഭാഗത്ത് സൗകര്യമൊക്കും. ബസുകൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവും നിർമാണം നടക്കുക. ബസുകൾ പാർക്ക് ചെയ്യുന്നതിന് ബദൽ സംവിധാനവും ഏർപ്പെടുത്തും.
ചോർച്ച മാറ്റണം
ശബരിമല തീർഥാടന കാലത്തിനു മുൻപായി നിർമാണ ജോലികൾ പൂർത്തിയാക്കാനാണു ലക്ഷ്യമെങ്കിലും അത് എത്രത്തോളം നടപ്പിലാകുമെന്ന് കാര്യത്തിൽ അധികൃതർക്കുപോലും ഉറപ്പില്ല. കോട്ടയം സ്റ്റാൻഡിൽ ചോർന്നൊലിക്കലിന് താത്കാലിക പരിഹാരമാണ് വേണ്ടതെന്ന് ജീവനക്കാർ പറയുന്നു. മഴക്കാലമാകുമ്പോൾ പ്രധാന ഓഫീസിലടക്കം ചോർന്നൊലിക്കുന്നത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അവർക്ക് ഭക്ഷണം കഴിക്കാൻപോലും ഇടമില്ല.
പഴയ കെട്ടിടം പൊളിച്ച് അത്യാധുനികരീതിയിൽ മൂന്ന് മൾട്ടിപ്ളക്സ് തിയേറ്റർ, ഷോപ്പിങ് സെന്റർ, വിശ്രമമുറികൾ എന്നിവയടക്കമുള്ള നവീകരണം നടത്തുമെന്ന പേരിലാണ് വർഷങ്ങളായി അറ്റുകുറ്റപ്പണികൾപോലും നീണ്ടത്.