കോട്ടയം: പരീക്ഷയുടെ ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോൾ ദമ്പതിമാരായ രാഘവനും സൗദയ്ക്കും 76 വയസുള്ള ഭവാനി ഭാസ്‌കരനും ഇതരസംസ്ഥാനക്കാരനായ സാഹിദ് അൻസാരിക്കും ചെറിയ ഒരുപേടി. എങ്കിലും അത് വകവയ്ക്കാതെ ഉത്സാഹത്തോടെ ഉത്തരം എഴുതി.
ഞായറാഴ്ച കോട്ടയം വയസ്‌കരക്കുന്നിലെ ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ സാക്ഷരതാ മിഷൻ നടത്തുന്ന നാലാം ക്ലാസ് തുല്യതാപരീക്ഷ എഴുതാനെത്തിയവരായിരുന്നു ഇവർ.
പാക്കിൽ വലിയപറമ്പിൽ ഭാസ്‌കരനും സൗദയും ഒരേ ബഞ്ചിലിരുന്നാണ് പരീക്ഷ എഴുതിയത്. 1961-ൽ രാഘവൻ ഇതേ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. പഠനം മുടങ്ങിയ അതേ സ്കൂളിൽ വർഷങ്ങൾക്കുശേഷം നാലാം ക്ലാസ് പരീക്ഷ എഴുതാനായതിന്റെ സന്തോഷത്തിലായിരുന്നു രാഘവൻ.
കോട്ടയം പെരുമ്പായിക്കാട് മുണ്ടകത്തിൽ ഭവാനി 11 വർഷം മുമ്പ് ഭർത്താവ് ഭാസ്‌കരൻ മരിച്ചതോടെ ഒറ്റയ്ക്കാണ്. നാലാം ക്ലാസ് പരീക്ഷ എഴുതണമെന്ന നിശ്ചയദാർഢ്യമാണ് ഭവാനിയെ പരീക്ഷാ ഹാളിൽ എത്തിച്ചത്. നടക്കാൻ ബുദ്ധിമുട്ടുള്ള ഭവാനിയെ അധ്യാപിക എം.സി.ഷീല വീട്ടിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. ഇനിയും പഠിക്കുമോ എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി.
കെട്ടിട നിർമാണവുമായി വർഷങ്ങൾക്ക് മുമ്പ് നാട്ടകത്ത് എത്തിയതാണ് സാഹിദ്. എഴുത്തും വായനും പഠിക്കണമെന്ന ആഗ്രഹമാണ് സാഹിദിനെയും സാക്ഷരതാ തുല്യതാ ക്ലാസിൽ എത്തിച്ചത്. പൊന്നമ്മയും രാഹുലും അമ്മയും മകനുമാണ്. ഇരുവരും ഒരേ ബഞ്ചിലിരുന്ന് പരീക്ഷ എഴുതി. മകനേക്കാൾ കൂടുതൽ മാർക്ക് വാങ്ങി ജയിക്കുമെന്ന വാശിയോടെയാണ് പൊന്നമ്മ ഉത്തരങ്ങൾ എഴുതിയത്.
വൈകല്യങ്ങളോട് പടപൊരുതിയാണ് സന്ധ്യ പരീക്ഷയ്ക്ക് എത്തിയത്. വീൽചെയറിൽ ഇരുന്നാണ് സന്ധ്യ പരീക്ഷ എഴുതിയത്. സാക്ഷരതാ മിഷൻ നടത്തിയ സാക്ഷരതാ പരീക്ഷയിലൂടെയാണ് സന്ധ്യ പഠനലോകത്തേക്ക് പടി ചവിട്ടിയത്.
162 പേർ പരീക്ഷ എഴുതി
ജില്ലയിലാകെ 162 പേർ നാലാം തരം തുല്യതാ പരീക്ഷ എഴുതി. ഇതിൽ 114 പേർ സ്ത്രീകളാണ്. എസ്.സി. വിഭാഗത്തിൽപ്പെട്ട 47 പേരും എസ്.ടി.വിഭാഗത്തിൽപ്പെട്ട ആറ് പേരും ഇതിലുണ്ട്. മീനച്ചിൽ പഞ്ചായത്തിലെ പി.കെ.കൃഷ്ണൻകുട്ടിയാണ് (84) ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഉഴവൂർ പഞ്ചായത്തിലെ ജിയന്ന സണ്ണിയാണ് (16) പ്രായം കുറഞ്ഞ പഠിതാവ്.