കോട്ടയം : കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ താലൂക്ക് തലത്തിലുള്ള പരിശോധന ഊർജിതമാക്കി.

റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.

നിയമലംഘനം നടത്തിയ 59 പേർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതിരുന്നവർക്കും സാമൂഹിക അകലം പാലിക്കാതിരുന്നവർക്കും പൊതുസ്ഥലത്ത് തുപ്പിയവർക്കുമെതിരേയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.

ഈ മൂന്നു നിയമലംഘനങ്ങൾക്കും 200 രൂപ വീതമാണ് പിഴ. സന്ദർശകരുടെ പേരുവിവരങ്ങളും മൊബൈൽ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.

നിലവിലെ സർക്കാർ നിർദേശം ലംഘിച്ച് പൊതു, സ്വകാര്യ ഗതാഗതം നടത്തിയാൽ 2,000 രൂപയും നിയമവിരുദ്ധമായി ഇതര സംസ്ഥാന ഗതാഗതം നടത്തിയാൽ 5,000 രൂപയും പിഴ ഈടാക്കും.

വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാകേന്ദ്രങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു.