കോട്ടയം : ലോക്ഡൗൺ കാലം മുതൽ ആടിയുലയുന്ന റബർ വിപണിയിൽ വിലവർധനയുടെ നേട്ടം കിട്ടാതെ ചെറുകിട കർഷകർ. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മെച്ചമായ വിലയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇടിഞ്ഞു.
ലോക്ഡൗൺ ഇളവ് വന്നതോടെ നേരിയ വർധന വന്നെങ്കിലും കൃഷിക്കാർക്ക് നേട്ടമില്ല. ജൂലായ് ആദ്യം വില 118 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 130 രൂപയായി. ഒരു മാസത്തിനിടെ 12 രൂപ കൂടി.
കർഷകരുടെ പ്രശ്നങ്ങൾ
ഉത്പാദനം കുറഞ്ഞു. മഴക്കാലമായതോടെ സാധാരണക്കാരായ കർഷകർ ടാപ്പിങ് നിർത്തി. ഷീറ്റിന് കിലോയ്ക്ക് ഇപ്പോൾ 130 രൂപ വിലയുണ്ടെങ്കിലും ഷീറ്റാക്കാൻ കർഷകർക്ക് താത്പര്യമില്ല.
ഒന്നാമത് പണിക്കാരെ കിട്ടാനില്ല. രണ്ടാമത് കൂലി കൊടുത്ത് ടാപ്പ് ചെയ്ത് ഷീറ്റാക്കിയാലും ചെലവിന് ആനുപാതികമായ വരുമാനമില്ല. റബർപാലെടുത്ത് ഷീറ്റടിക്കാൻ ഒരു മരത്തിന് രണ്ടര രൂപ കൊടുക്കണം. പാലെടുക്കാൻ മാത്രമാണെങ്കിൽ കൂലി രണ്ട് രൂപയും.
ഷീറ്റാക്കാൻ ജോലിക്കാർക്കും താത്പര്യമില്ല. ഇപ്പോൾ കർഷകർക്ക് ചിരട്ടപ്പാൽ വിൽക്കാനാണ് താത്പര്യം.
ലോക്ഡൗണിന് ശേഷം ടയർ ഉത്പാദനം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. എന്നാൽ കമ്പനികൾ റബർ വാങ്ങുന്നുമുണ്ട്.
മഴ, വിപണിയിലെ പ്രശ്നങ്ങൾ എന്നിവ മൂലം തായ്‌ലൻഡിൽനിന്നും മലേഷ്യയിൽനിന്നുമുള്ള റബറിന്റെ ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിൽ റബർ വില 150 രൂപയെങ്കിലും എത്തേണ്ടതാണെന്ന് വ്യാപാരികൾ പറയുന്നു. പക്ഷേ, കർഷകർക്ക് വില കിട്ടുന്നില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കൈയുറ നിർമാണം കൂടിയിട്ടുണ്ട്. കമ്പനികൾ ലാറ്റക്സ് എടുക്കുന്നുണ്ടെങ്കിലും കർഷകന് ന്യായവില കിട്ടുന്നില്ല. ലാറ്റക്സിന് കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ കിലോയ്ക്ക് 160 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനികൾ ലാറ്റക്സ് എടുക്കുന്നത് 105 രൂപയ്ക്കാണ്. കർഷകന് കിട്ടുന്നത് 85-95 രൂപയും.