കോട്ടയം: തിരുനക്കര ഉത്സവത്തിന് മുൻപ് പൂർത്തിയാക്കാൻ നഗരസഭ കരാർ നൽകിയ പടിഞ്ഞാറെ നട, പഴയ പോലീസ് സ്റ്റേഷൻ പുളിമൂട് കവല റോഡുകളുടെ നവീകരണം വഴിമുട്ടി. ഇതോടൊപ്പം പണി തുടങ്ങിയ കല്ലുപുരയ്ക്കൽ-പതിനഞ്ചിൽ കടവ്റോഡിന്റെ പുനർനിർമാണവും നിർത്തിവെച്ചിരിക്കുകയാണ്.

കുണ്ടും കുഴിയുമായ നഗരഹൃദയത്തിലെ തിരുനക്കര ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തുള്ള പടിഞ്ഞാറെ നട, പോലീസ് സ്റ്റേഷൻ റോഡുകൾ ഉത്സവത്തിന് മുൻപ് പണി തീർക്കത്തക്കവിധം പ്രാരംഭജോലികൾ തുടങ്ങിയതാണ്.

കനത്ത മഴ പെയ്താൽ ഒറ്റപ്പെട്ടു പോകുന്ന പ്രദേശമായ പതിനഞ്ചിൽ കടവിനെ പ്രളയജലത്തിൽനിന്ന് രക്ഷിക്കാൻ ആണ് കല്ലുപുരയ്ക്കൽനിന്ന് ഒരു കിലോമീറ്റർ പതിനഞ്ചിൽ കടവുവരെ റോഡ് ഒരു മീറ്റർ ഉയരത്തിൽസൈഡ് കെട്ടിയത്. ഇനി മണ്ണിട്ട് ഉയർത്തി ടാർ ചെയ്യണം. മുപ്പതുലക്ഷം രൂപയുടെ പദ്ധതിയാണിത്.

ട്രഷറി നിയന്ത്രണംമൂലം കരാറുകാർക്ക് പണം ലഭിക്കാത്തതുകൊണ്ടാണ്‌ മൂന്നു ജോലികളും നിലച്ചുപോയതെന്ന് നഗരസഭാ മുൻ മരാമത്ത് സ്ഥിരംസമിതി ചെയർമാർ സനിൽ കണക്കാലിൽ അറിയിച്ചു.