കോട്ടയം: സൂര്യാഘാതം മൂലമെന്ന് സംശയിക്കുന്ന മരണം ഇൗ സീസണിൽ ഇതാദ്യമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ വേണ്ടത് അതിജാഗ്രത. തുറസായ സ്ഥലത്ത് പണിയെടുക്കുന്നവർ ഉച്ചയ്ക്ക് 11 മുതൽ മൂന്നുവരെ ജോലി ഒഴിവാക്കി വിശ്രമിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

കൃഷിക്കാർ

ഉച്ചവെയിൽ ഒഴിവാക്കണമെന്നാണ് നിർദേശമെങ്കിലും കൃഷിക്കാരും മറ്റും പാടത്തും പറമ്പിലും ആ സമയത്തും ജോലി ചെയ്യുന്നത് കാണാം. വെയിൽ കൊള്ളുന്നത് ശീലമായത് കൊണ്ട് കുഴപ്പമില്ലന്നാണ് അവരുടെ പക്ഷം. അതേസമയം 35 ഡിഗ്രി ചൂട് മണ്ണിലും കോൺക്രീറ്റിലും ടാറിലുമൊക്കെ പതിച്ചാൽ അത് ചൂടായി അതിൽ നിന്നുള്ള ചൂടിന്റെ പ്രതിഫലനവും ഉണ്ടാകാം. ഇത് അധികആഘാതമാണ് ഉണ്ടാക്കുന്നത്. ശരീരത്ത് നിന്ന് നിർജലീകരണം സംഭവിക്കുന്നത് മിക്കവാറും ജോലി ചെയ്യുന്ന ആൾ അറിയുന്നുണ്ടാവില്ല.

രാവിലെ 11 വരെ ജോലി ചെയ്യുന്നവരാണെങ്കിൽ പോലും ഇടയ്കിടെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. വസ്ത്രം ധരിച്ചിരിക്കണം. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കുന്നതിനാണിത്. പഴവർഗങ്ങൾ കഴിക്കുന്നതും നല്ലതാണ്. കഴിയുന്നതും വെയിൽ ശക്തമായി തുടങ്ങുമ്പോൾ തുറസായ സ്ഥലത്തെ പണി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോ. ആഷിഷ് മോഹൻകുമാർ പറയുന്നു.

വളർത്തുമൃഗങ്ങൾക്കും ശ്രദ്ധവേണം

പലരും കാലികളെ പറമ്പിലും പാടത്തും കെട്ടി പോകുന്നത് പതിവാണ്. അമിതമായ ചൂട് കാലികളെ തളർത്തും. പറമ്പിൽ മേയാൻ വിടുന്ന കാലികളെ വെയിൽ ശക്തമാകുമ്പോൾ തണലിലേക്ക് മാറ്റണമെന്നാണ് വെറ്ററിനറി വിഭാഗം നൽകുന്ന നിർദേശം. കഴിഞ്ഞവർഷം പല ജില്ലകളിലും സൂര്യാഘാതം ഏറ്റ് വളർത്തുമൃഗങ്ങൾ ചത്തിരുന്നു.

പശുക്കൾക്ക് പകൽ ഏറെ വെള്ളം കുടിക്കാൻ നൽകണം. ദഹിക്കാൻ എളുപ്പമുള്ള ആഹാരം വേണം നൽകാൻ. രാവിലെയും വൈകീട്ടും കുളിപ്പിക്കുന്നതും നല്ലതാണ്. കറവയുള്ള പശുക്കൾക്ക് രണ്ട് നേരവും കുളിപ്പിക്കുന്നത് പാൽ കുറയുന്നത് തടയാൻ കുറയൊക്കെ ഉപകരിക്കുമെന്ന് മണ്ണൂത്തി വെറ്ററിനറി കോളേജിലെ അസി.പ്രൊഫസർ ഡോ.ടി.എസ്. രാജീവ് പറയുന്നു.

ചെടികൾ,വിളകൾ

വെള്ളം സുലഭമായി കിട്ടുമെങ്കിൽ വൈകുന്നേരം നനയ്ക്കുന്നത് നല്ലതാണ്. തുള്ളിനന രീതിയാണ് നല്ലത്. വെള്ളം അമിതമായി പാഴാകില്ല. ചെറു പൈപ്പുകൾ വഴി നിരന്തരം വെള്ളം ചെറിയ അളവിൽ ചുവട്ടിൽ ലഭിക്കും. കൈതച്ചക്കയ്കും മറ്റും ഒാലമടൽ മെടഞ്ഞതും നീലവലയും ഉപയോഗിച്ച് തണൽ ഇടുന്നത് വ്യാപകമായി കാണാം. പച്ചക്കറികൾ, ജാതി, മാങ്കോസ്റ്റിൻ, റംമ്പുട്ടാൻ എന്നിവയുടെ തൈകൾ ഒാല കൊണ്ട് മറയിൽ വെക്കണം. ചുവട്ടിൽ കരിയിലകൾ ഇടുന്നതും നല്ലതാണ്.