കോട്ടയം: കുമാരനല്ലൂരിലെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന പി.എൻ.ശ്രീധരൻ നായർ, വിടവാങ്ങുമ്പോൾ നാടിെന്റ പൈതൃകപ്പെരുമ പുതുതലമുറയ്ക്ക് പകർന്നുനൽകിയ കാരണവർ സ്ഥാനിയാണ് ഓർമയാകുന്നത്. മാതൃഭൂമി സ്ഥാപനവുമായി ഏഴു പതിറ്റാണ്ടിന്റെ ആത്മബന്ധത്തിനുടമയായിരുന്നു അദ്ദേഹം.
ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വിതരണക്കാരനും പ്രചാരകനുമായി 22-ാമത്തെ വയസ്സിൽ രംഗത്തുവന്ന് ആ ബന്ധം എന്നും കാത്തുസൂക്ഷിച്ചു. ‘ദേശബന്ധു’ദിനപത്രം പ്രസിദ്ധീകരണം നിർത്തുന്നതുവരെ പ്രസ് ജീവനക്കാരനായിരുന്നു. അപ്പോഴും മാതൃഭൂമിയുടെ ഏജന്റ് എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ചു. മകൻ ആനന്ദക്കുട്ടൻ പത്രവിതരണ മേഖലയിലേക്ക് കടന്നുവന്നത് അച്ഛന്റെ പാരമ്പര്യം പിൻതുടർന്നാണ്.
പുതുക്കുളങ്ങര ബലരാമശ്രീകൃഷ്ണക്ഷേത്രത്തിന്റെ സ്ഥാപനത്തിന് മുഖ്യപങ്കാളിത്തം വഹിച്ച ശ്രീധരൻ നായർ കുമാരനല്ലൂർ ദേവിയുടെ ആശ്രിതനായിട്ടാണ് ജീവിതകാലം പിന്നിട്ടത്.
1462-ാംനമ്പർ കുമാരനല്ലൂർ നടുഭാഗം എൻ.എസ്.എസ്. കരയോഗത്തിന്റെ തുടക്കംമുതൽ സജീവ അംഗമായിരുന്നു.