കോട്ടയം: ദേശീയ പൗരത്വ നിയമത്തിനെതിരേ ജീവനക്കാരും അധ്യാപകരും ജില്ലയിലെമ്പാടും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കോട്ടയം ടൗൺ ഏരിയായിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി ഇ.എസ്.സിയാദ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കോട്ടയം കളക്ടറേറ്റിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഒ.ആർ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഇ.എസ്.ബിജു, യൂണിയൻ ഏരിയാ സെക്രട്ടറി ടി.എസ്.ഉണ്ണി എന്നിവർ പ്രസംഗിച്ചു. വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ ഏരിയാ കേന്ദ്രങ്ങളിലെ വിവിധ ഓഫീസുകളിൽ പ്രതിഷേധക്കൂട്ടായ്മകൾ സംഘടിപ്പിച്ചു.
പ്രഭാഷണവും അവാർഡ് ദാനവും
കോട്ടയം: ഡോ. കെ.എം.മുൻഷി സ്മാരക പ്രഭാഷണവും മുൻഷി പുരസ്കാരവിതരണവും 16-ന് നടക്കും. ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ 10-നാണ് പരിപാടി.
കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ മുൻഷി സ്മാരക പ്രഭാഷണം നടത്തും. കെ.എം.മുൻഷി പുരസ്‌കാരം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന് തോമസ് ചാഴികാടൻ എം.പി. സമ്മാനിക്കും. ഡോ. പി.ജി.ആർ.പിള്ള അധ്യക്ഷനാകും.
ചിത്രരചനാ മത്സരം
പള്ളിക്കത്തോട്: ഫാമിലി ക്ലബ്ബിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം ഞായറാഴ്ച രണ്ടുമുതൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തും. എൽ.കെ.ജി.മുതൽ ഹൈസ്കൂൾവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. പഞ്ചായത്ത് പ്രസിഡന്റ് ഷാജി ഐസക് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ജെയിംസ് തടത്തിൽ അധ്യക്ഷത വഹിക്കും. ഫോൺ: 9446921817.