കോട്ടയം: സർവീസ് പെൻഷൻകാർക്ക് ആരോഗ്യസുരക്ഷയും പെൻഷൻ ആനുകൂല്യങ്ങളും തടയുന്നത് ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കുറവിലങ്ങാട്ട് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെ.എസ്.എസ്.പി.എ.) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യവികസനത്തിന് അൻപതിനായിരം കോടിയുടെ കിഫ്ബി പദ്ധതിക്കുവേണ്ടി മസാല ബോണ്ടിലൂടെ പണം സമാഹരിക്കുന്നത് മസാലദോശ പോലെ സുഖകരമായിരിക്കില്ല. നാട്ടിൽ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും വരുത്തി വിനോദയാത്രയ്ക്കുപോയ മുഖ്യമന്ത്രി പട്ടിണിമൂലം മണ്ണുതിന്നുന്ന പാവങ്ങളെ കാണാതെ പോകരുത്, അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.വി.മുരളി, അരുൺ ജോസഫ്, ആർ.രാജൻഗുരുക്കൾ, ബി.രവീന്ദ്രൻ, ടി.എസ്.സലീം, പി.കെ.മണിലാൽ, ബേബി തൊണ്ടാംകുഴി, പി.ഡി. ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നുനടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
വനിതാ സമ്മേളനം സംസ്ഥാന വനിതാ ഫോറം സെക്രട്ടറി എം.നസീം ബീവി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ.എസ്.എസ്.പി.എ. ജില്ലാ ഭാരവാഹികളായി കെ.ഡി.പ്രകാശൻ(പ്രസി.), പി.കെ.മണിലാൽ(സെക്ര.), ബേബി ദാനിയേൽ(ട്രഷ.) എന്നിവരടങ്ങുന്ന 13-അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു.