കോട്ടയം: കേരളം ഇന്നും 19-ാം നൂറ്റാണ്ടിലെ ആചാരങ്ങൾ പിൻതുടരുകയാണെന്നു സാഹിത്യകാരി സി.എസ്.ചന്ദ്രിക പറഞ്ഞു. നവോത്ഥാനം നടന്നെങ്കിലും ആചാരങ്ങൾ മാറ്റാൻ കഴിഞ്ഞിട്ടില്ല. സി.എം.എസ്. കോളജിൽ കോളിൻസ് സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലൂടെയും ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടുകളിലൂടെയും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടായിരിക്കുകയാണ്. തെലുങ്കാനയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികളെ പോലീസ് വെടിവച്ചുകൊന്നത് നീതിയല്ല. പെൺകുട്ടികൾ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തി നേടുക എന്നതാണു സ്വയംപരാപ്തരാകാൻ ആദ്യം വേണ്ടത്. സാമൂഹികമാധ്യമങ്ങൾ ഒരുപാട് സാധ്യതകൾ തുറക്കുന്നുണ്ടെങ്കിലും അപകടകരമായ സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. പങ്കാളിയെ കണ്ടെത്തുമ്പോഴും മാതാപിതാക്കളുടെ അഭിപ്രായം തേടണമെന്നും അവർ പറഞ്ഞു.
മലയാള വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ അധ്യക്ഷത വഹിച്ചു. ജെന്നി സാറാ പോൾ കോളിൻസ് അനുസ്മരണം നടത്തി. മലയാള വിഭാഗം അധ്യക്ഷ മിനി മറിയം സഖറിയ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഡെയ്‌സി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.