കോട്ടയം: ബേക്കർ ജങ്ഷന് പടിഞ്ഞാറുവശം കുമരകം റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് നടുവിൽ ഏതാനും മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ട ഓടകളുടെ നവീകരണ ജോലികൾ അടുത്തകാലത്ത് തുടങ്ങി. റോഡിന്റെ ഒരുവശത്ത് ശ്രീനിവാസ അയ്യർ റോഡിലേക്കുള്ള നഗരപാത അടച്ചുകെട്ടിയാണ് ഓടയ്ക്ക് സ്ലാബ്ബ് വാർക്കുന്നത്.
നിർമാണം തുടങ്ങാൻ മാസങ്ങൾ വേണ്ടിവന്നതു പോലെ, പുനർനിർമാണവും വൈകുമോ എന്ന ആശങ്ക നഗരവാസികൾക്കുണ്ട്. ഗതാഗതത്തിരക്കേറിയ കുമരകം, ചേർത്തല, കോട്ടയം മെഡിക്കൽ കോളേജ് ബൈപാസ് എന്നിവിടങ്ങളിലേക്കുള്ള റോഡിൽ ഓട തകർന്നകാലം മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
പുനർനിർമാണം തുടങ്ങിയതോടെ പ്രതിസന്ധി അതിരൂക്ഷമായി. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കി ഗതാഗതതടസ്സം നീക്കണമെന്ന ആവശ്യം ശക്തമാണ്.