കോട്ടയം: ‘എവിടെ എന്റെ കുഞ്ഞ്, എന്തിയേ എന്റെ അലൻ?’ സൂസമ്മയുടെ ഹൃദയംപൊട്ടിയുള്ള ചോദ്യത്തിനു മറുപടി പറയാനാവാതെ അവർ അഞ്ചു കൂട്ടുകാരും തലതാഴ്ത്തി വാവിട്ടു കരഞ്ഞു. രക്ഷപ്പെട്ട കുട്ടികളുടെ കൂട്ടത്തിൽ എവിടെങ്കിലും മകനുണ്ടോ എന്നു തിരക്കിനിടയിൽ മുക്കിലും മൂലയിലും അവർ പരതി. സൂസമ്മ വരുന്നതിനു തൊട്ടുമുമ്പ് മകൻ അലന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

തിരുവഞ്ചൂർ ഗ്രാമം മുഴുവനും പാറമ്പുഴ കരയിലെ മൈലപ്പള്ളി കടവിന്റെ പരിസരത്ത് വെള്ളിയാഴ്ച ഉച്ചമുതൽ തടിച്ചു കൂടിയിരുന്നു. സൂസമ്മയെ പാറമ്പുഴ ഗ്രാമക്കാർക്ക് അറിയില്ലെങ്കിലും അമ്മയുടെ കരച്ചിൽ കൂടിനിന്ന ജനാവലിയിലേക്കും പകർന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുകൂട്ടുകാരും അവരുടെ മാതാപിതാക്കളോടും സൂസമ്മ മകനെപ്പറ്റി തിരക്കിക്കൊണ്ടിരുന്നു. മകൻ വെള്ളത്തിൽ വീണെന്നല്ലാതെ അപകടം സംഭവിച്ചതായി അവരെ ആരും അറിയിച്ചിരുന്നുമില്ല. ആശാ വർക്കറാണ് സൂസമ്മ. അലന്റെ ചേട്ടൻ അജയും സൂസമ്മയുടെ സഹോദരനും ചേർന്ന അവരെ വിവരമൊന്നും അറിയിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി.

കഴുകാനായി കൂട്ടുകാർ അഴിച്ചുവെച്ച പാന്റും ഷർട്ടും അവരുടെ മൊബൈൽഫോണും ക്യാമറയും ചേർത്തുപിടിച്ച് ശിവ കരഞ്ഞു, ‘വേണ്ട, വേണ്ടാന്നു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. കേട്ടില്ലല്ലോ. കോട്ടയത്തുനിന്നാൽ മതിയായിരുന്നു.’ പതം പറച്ചിലുകൾ കുട്ടികളുടെ കൂട്ടക്കരച്ചിലുകളായി മാറിക്കൊണ്ടിരുന്നു.

വിനോദയാത്രയ്ക്ക് പോകാൻ പറ്റാത്തതിനാൽ...

വിനോദയാത്രയ്ക്കു പോകാനാവാഞ്ഞതിന്റെ സങ്കടം തീർക്കാനാണ് അവർ എട്ടുപേരും കോട്ടയത്ത് ഒത്തുകൂടിയത്. കലോത്സവം കാണാൻ പോകണമെന്ന് വീട്ടിൽ പറഞ്ഞ് അനുവാദം വാങ്ങി. കുട്ടികൾക്ക് പോക്കറ്റുമണിയും വീട്ടുകാർ നൽകി. കലോത്സവ വേദിയിൽ ഒന്നു കയറിയിട്ട് അവർ സിനിമ തിേയറ്ററിലേക്കു പോയി. ടിക്കറ്റ് കിട്ടാത്തതിനാൽ ആലപ്പുഴ ബീച്ചിലേക്ക് പോയാലോ എന്നായി. ഒടുവിൽ തൂക്കുപാലവും മനോഹരമായ അന്തരീക്ഷവും ഉള്ള തിരുവഞ്ചൂരിലെ മൈലപ്പള്ളി കടവിലേക്കു പോകാമെന്നായി. അക്ഷയുടെയും ശ്രീദേവിന്റെയും വീട് ഇവിടെ അടുത്താണ്. ഇവർ ബന്ധുക്കളാണ്. അക്ഷയയുടെ അമ്മ ദീപ വിളമ്പിയ ഉച്ചഭക്ഷണം കഴിക്കാൻ നിൽക്കാതെ തൂക്കുപാലം കാണാൻ പോകുകയായിരുന്നു കുട്ടികൾ.

‘കൂട്ടുകാർ വിനോദയാത്ര കഴിഞ്ഞ് എത്തുമ്പോൾ അവർ എടുക്കുന്നതിലും നല്ല ഫോട്ടോകൾ എടുത്ത് അവരെ കാണിക്കണം എന്ന ആഗ്രഹം കൂടെയുണ്ടായിരുന്നു അവർക്ക്’-വാവിട്ടു കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കുന്നതിനിടെ ദീപ പറഞ്ഞു.

മൈലപ്പള്ളിക്കടവിനോടു ചേർന്ന മൈലപ്പള്ളിവീട്ടിലാണ് അപകടസ്ഥലത്തെത്തിയവർ തടിച്ചുകൂടിയത്. ഗൃഹനാഥൻ സജിയും ഭാര്യ കുഞ്ഞുമോളുമാണ് അപകടത്തിൽപ്പെട്ട കുട്ടികളുടെ കരച്ചിൽ കേട്ട് ആദ്യം ഒാടിച്ചെന്നത്. അവർ തന്നെയാണ് പോലീസിലും അഗ്നിരക്ഷാസേനയെയും അറിയിച്ചതും. തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., വി.എൻ. വാസവൻ എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കളക്ടർ പി.കെ.സുധീർബാബുവും സ്ഥലത്തെത്തി.