കോട്ടയം: ചോദ്യം ചെയ്യാനുള്ള ശേഷിയുണ്ടാവുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ പ്രസിഡന്റ് ഡോ. പി.കെ.രവീന്ദ്രൻ പറഞ്ഞു. എം.ജി.സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ ‘ദേശീയ വിദ്യാഭ്യാസനയം: സർവകലാശാലകളുടെ മരണവാറണ്ട്’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ദേശീയ വിദ്യാഭ്യാസനയം പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. ഇത് ദേശീയതയുടെ പേരിൽ തെറ്റായ ഒരു സാമൂഹികബോധം നിർമിക്കാൻ ശ്രമിക്കുകയാണ്. പുരാണങ്ങളെ ചരിത്രമാക്കി മാറ്റുന്നതിലൂടെ ചരിത്രത്തെത്തന്നെ പുനർനിർമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം വയസുമുതൽ തെറ്റായ സാമൂഹികബോധത്തിലൂടെ കടന്നുപോകുന്ന വിദ്യാർഥിക്ക് സർവകലാശാലയിൽനിന്ന്‌ ലഭിക്കുന്ന അറിവ് അപ്രസക്തമായിരിക്കും.

അഫിലിയേറ്റഡ് കോളജുകളെ ഇല്ലാതാക്കുന്നതിലൂടെ സർവകലാശാലകളെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജെ.ലേഖ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി.മജീദ്, ജോയിന്റ് സെക്രട്ടറി കെ.പി.ശ്രീനി എന്നിവർ പ്രസംഗിച്ചു.