വൈക്കം: പടിഞ്ഞാറെക്കര ജലസ്രോതസ്സ് സംരക്ഷണ ജനകീയസമിതിയുടെ നേതൃത്വത്തിൽ ആറ്റുതീര പദയാത്ര നടത്തി. വർഷകാലത്ത് മൂവാറ്റുപുഴയാർ കരകവിഞ്ഞുണ്ടാകുന്ന ദുരിതവും നാശനഷ്ടങ്ങളും രോഗങ്ങളും തടയാൻ ആറ്റുതീര ബണ്ടുകളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് പദയാത്ര നടത്തിയത്.

ഉദയനാപുരം പഞ്ചായത്തിൽ എഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളിൽപ്പെട്ട പടിഞ്ഞാറെക്കര മേഖലകൾ ദീർഘകാലമായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നു. ആറ്റുതീരം ഇടിഞ്ഞും െെകയേറ്റവും മൂലം ബണ്ടുകൾക്ക് ബലക്ഷയം സംഭവിച്ചു. ഇതുമൂലം പ്രദേശങ്ങളിലെ കുളങ്ങളും തോടുകളും കിണറുകളും മലിനമായി ശുദ്ധജലലഭ്യത നഷ്ടമായി. ഈ സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആറ്റുതീര പദയാത്ര നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ഡി.രാജൻ, പി.എസ്.മോഹനൻ, ജമീല നടരാജൻ, ആർ.രശ്മി, കെ.ജി.രാജു, വി.ബിൻസ്, ടി.ടി.സെബാസ്റ്റ്യൻ, സി.ജി.വിനയരാജ് എന്നിവർ പ്രസംഗിച്ചു.