കാഞ്ഞിരപ്പള്ളി: മഴ മാറി വെള്ളമിറങ്ങിയതോടെ മാലിന്യക്കൂമ്പാരമായി ചിറ്റാർ പുഴയും കൈത്തോടുകളും. പുഴയിലേക്ക് തള്ളിയ മാലിന്യങ്ങൾ വെള്ളംകയറിയിറങ്ങിയ കരയിലും പാലത്തിലും മരച്ചില്ലകളിലും തടഞ്ഞുകിടക്കുകയാണ്. കൂടുതലും ഉപയോഗശേഷം വലിച്ചെറിയുന്ന മാലിന്യങ്ങളാണ് പുഴയിലേക്ക് ഒഴുകിയെത്തിയത്. കുരിശുങ്കൽ ടൗൺ ഹാളിനുസമീപം പുഴയ്ക്ക് കുറുകെ കടപുഴകിവീണ കിടക്കുന്ന മരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുകയാണ്. പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണിക്കും കിണറിനുംസമീപത്താണ് ഈ മാലിന്യങ്ങൾ കെട്ടികിടക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ വീണ മരം മാറ്റിയില്ല

കഴിഞ്ഞ പ്രളയത്തിൽ കടപുഴകിവീണ മരമാണിത്. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നെങ്കിലും പുഴയുടെ നിരൊഴുക്കിന് തടസ്സമായി കിടന്നിരുന്ന ഈ മരം നീക്കം ചെയ്തില്ല. കഴിഞ്ഞ പ്രളയകാലത്തും പ്ലാസ്റ്റിക് മാലിന്യം ഈ മരത്തിൽ തങ്ങിനിന്നിരുന്നു. പുഴ ഒഴുകിയെത്തുന്ന അഞ്ചിലിപ്പ പാലത്തിന്റെ തൂണുകളിൽ തടിയടക്കമുള്ള മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയത്. പഞ്ചായത്ത് ഒരു മാസം മുൻപ് ഹരിത മിഷനുമായി ചേർന്ന് ചിറ്റാർ പുനർജനി പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ചിറ്റാർ പുഴയുടെ പട്ടണപ്രദേശം ഉൾക്കൊള്ളുന്ന അഞ്ച് കിലോമീറ്ററോളം ഭാഗം ശുചീകരിച്ചു. എന്നാൽ മഴയത്ത് പുഴയിൽ മാലിന്യങ്ങൾ തങ്ങിനിൽക്കാതിരിക്കുന്നതിന് ശുചീകരണം നടത്തിയില്ല.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഫലപ്രദമല്ല

പട്ടണത്തിൽ മാലിന്യം ഏറ്റെടുക്കുന്നത് പഞ്ചായത്ത് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മാലിന്യം തള്ളാൻ ഇടമില്ലാതായതോടെയാണ് പഞ്ചായത്ത് മാലിന്യം ഏറ്റെടുക്കുന്നത് നിർത്തലാക്കിയത്. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലെയും വീട്ടുമാലിന്യങ്ങളും തള്ളിയിരുന്നത് ചിറ്റാർ പുഴയിലേക്കാണ്. ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി പുഴയിലേക്ക് മാലിന്യം തള്ളുന്നത് നിരോധിച്ചു. എന്നാൽ കൈത്തോടുകളിലും ഓടകളിലും തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് ചിറ്റാർ പുഴയിലേക്കാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച് ഷ്രെഡിങ് യൂണിറ്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത് നിലച്ചനിലയിലാണ്. ഗ്രീൻകേരള പദ്ധതിയുടെ ഭാഗമായി 12 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി ആരംഭിച്ചത്.