വൈക്കം: പാടശേഖരത്തിന്റെ പുറംബണ്ട് പൊട്ടിച്ചുവിട്ട് നെൽകൃഷി നശിപ്പിച്ചതായി പരാതി. വെച്ചൂർ പഞ്ചായത്തിൽ കാട്ടിളം കുന്നംകേരി പാടശേഖരത്തിൽ 50 ഏക്കറിൽ 70 ദിവസം പ്രായമായ നെൽകൃഷിയാണ് പൂർണമായും നശിച്ചത്.
സംഭവത്തിൽ കർഷകർ വൈക്കം പോലീസിൽ പരാതി നൽകി. സർക്കാർ ഫണ്ട് ഉപയോഗിച്ച് സമീപകാലത്ത് ബലപ്പെടുത്തിയ ബണ്ട് സമീപവാസി നശിപ്പിച്ചതായും തടയാനെത്തിയ കർഷകരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചതായും കർഷകർ നൽകിയ പരാതിയിൽ പറയുന്നു. 13-ന് രാവിലെയാണ് ബണ്ട് പൊട്ടിച്ചത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കതിരിട്ട നെൽച്ചെടികളാണ് നശിച്ചത്.
സ്വർണം പണയപ്പെടുത്തിയും വായ്പ മേടിച്ചുമാണ് പലരും കൃഷിയിറക്കിയത്.