കോട്ടയം: ‘ലത്തീഷയുടെ പുഞ്ചിരി ഞങ്ങളുടെ മനസ്സ്‌ നിറച്ചു. സഹായം തേടി ഒരിക്കൽ കാണാനെത്തിയ ആ കുട്ടിക്ക് അവൾ ആഗ്രഹിച്ച പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്റർ ഇന്ന് കൈമാറാനായി. അവളുടെ കാത്തിരിപ്പ് സഫലമാക്കാൻ സഹകരിച്ച ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’- കളക്ടർ സുധീർ ബാബു ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. യന്ത്രസഹായത്തോടെ ലഭിക്കുന്ന ഓക്‌സിജൻ ശ്വസിച്ച് ജീവിക്കുന്ന ലത്തീഷയ്ക്ക് പരസഹായമില്ലാതെ ഇരിക്കാനോ എഴുന്നേൽക്കാനോ കഴിയില്ല.

അസ്ഥി പൊടിയുന്നതും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതക്കുറവും മൂലം ഏറെക്കാലമായി ബുദ്ധിമുട്ടനുഭവിക്കുമ്പോഴും ചെറുപ്പക്കാർക്കുമുന്നിൽ അതിജീവനത്തിന്റെ മാതൃകയാണ് മികച്ച മോട്ടിവേഷണൽ സ്പീക്കറായ ലത്തീഷ. എരുമേലി പുത്തൻപീടികയിൽ അൻസാരിയുടെയും ജമീലയുടെയും മകളായ ലത്തീഷയ്ക്ക് ഐ.എ.എസ്. ഓഫീസറാകുകയാണ് ലക്ഷ്യം. എം.കോം ബിരുദധാരിയാണ്.

ആരോഗ്യകേരളം പാലിയേറ്റീവ് പദ്ധതിയിലൂടെ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെയാണ് രണ്ടു ലക്ഷം രൂപ വരുന്ന കോൺസെൻട്രേറ്റർ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡോ. വ്യാസ് സുകുമാരൻ, കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി എന്നിവർ പ്രസംഗിച്ചു.