കോട്ടയം: തന്റെ മണ്ഡലത്തിലെ വാർഡുതലത്തിലുള്ള പ്രവർത്തകനുപോലും വിളിപ്പുറത്തായിരുന്ന ജനപ്രതിനിധി-അതായിരുന്നു മാണിസാർ എന്ന നേതാവ്. ആഘോഷവേളകളിൽ അഭിമാനപൂർവമാണ് അവർ കെ.എം.മാണിയെ വീടുകളിലേക്ക് ക്ഷണിച്ചിരുന്നത്.

മന്ത്രിയായിരുന്നപ്പോഴും തിരക്കുകൾ മാറ്റിവെച്ച് അവിടേക്കെത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. മന്ത്രിയുടെ പരിവേഷമില്ലാത്തപ്പോഴും പ്രവർത്തകർക്ക് തങ്ങളുടെ ആഘോഷവേളകളിൽ മാണിസാറിന്റെ സാന്നിധ്യം നിർബന്ധമായിരുന്നു.

ഒരിക്കൽ പരിചയപ്പെടുന്ന പ്രവർത്തകനെ പിന്നീട് എവിടെ കണ്ടാലും പേരെടുത്ത് വിളിക്കാനുള്ള വൈഭവവും കെ.എം.മാണിക്കുണ്ടായിരുന്നു. തോളിൽ കൈയിട്ട് സ്‌നേഹപൂർവം ചേർത്തുനിർത്തിയാവും വിശേഷങ്ങൾ ചോദിക്കുക. ആ സ്നേഹമാണ് മാണിസാറിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്.

സങ്കടങ്ങളിലും മാണിസാർ തുണയായി ഓടിയെത്തുമായിരുന്നു. തന്റെ മണ്ഡലത്തിലെ ഒരാൾ മരിച്ചാൽ തീർച്ചയായും അവിടെയെത്തി ആ കുടുംബാംഗങ്ങളുടെ സങ്കടത്തിൽ പങ്കുചേരും. അവരെ ആശ്വസിപ്പിക്കാനെത്തുന്ന മാണിസാർ അവരോടൊപ്പം കണ്ണീരണിയുന്ന നിമിഷമാവും അത്. മാണിസാറിന് മറ്റുള്ളവരുടെ സങ്കടം കണ്ടാൽ കരയാതിരിക്കാനാകില്ല. എതിരാളികൾ അത്തരം നിമിഷങ്ങളെ പരിഹസിക്കാറുണ്ടെങ്കിലും യാഥാർഥ്യം മാണിയെ അറിയുന്നവർക്കറിയാം. അദ്ദേഹം തന്നെ അഭിമുഖങ്ങളിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. ‘പിടിച്ചുനിൽക്കാനാകില്ല ആരെങ്കിലും സങ്കടപ്പെടുന്നതു കണ്ടാൽ. അവരെ ആശ്വസിപ്പിക്കാനെത്തിയ ഞാൻ എത്ര നിയന്ത്രിച്ചാലും കരഞ്ഞുപോകും.’ അത്ര തരളിതമായിരുന്നു ഈ ജനപ്രതിനിധിയുടെ മനസ്സ്.