കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് വോട്ടർമാർ അറിയേണ്ട വിവരങ്ങളെല്ലാം നൽകാൻ ‘വോട്ടോറിക്ഷ’ ജില്ലയിൽ പര്യടനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷ ജില്ലയിൽ പര്യടനം നടത്തുന്നത്. വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്യുന്നു എന്ന് ഉറപ്പാക്കാനും പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അവസരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് വോട്ടോറിക്ഷ പര്യടനം നടത്തുന്നത്.

കോട്ടയം ഭാഷയിലുള്ള സംഭാഷണവും പാട്ടും വിവരണവുമൊക്കെയായാണ് വോട്ടോറിക്ഷ വോട്ടർമാർക്ക് വിവരങ്ങൾ നൽകുന്നത്. പ്രചാരണ വാഹനത്തിന്റെ അണിയറ പ്രവർത്തകർ സർക്കാർ ജീവനക്കാരാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് അനൂപ് മോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ സബ് എഡിറ്റർ നിബി ആൻ മോഹൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. കളക്ടറേറ്റ് ജീവനക്കാരനായ പി.ഡി.മനോജ്, ക്ഷീരവികസന വകുപ്പിലെ സീനിയർ ക്ലാർക്ക് ബാബു സി.മാത്യു, ഋതിക അന്ന ബാബു എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂണിയർ ക്ലർക്ക് ജിനേഷ് ജോണാണ് എഡിറ്റിങ് നിർവഹിച്ചത്.

കളക്ടറേറ്റിൽനിന്നാരംഭിച്ച പര്യടനം ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എം.വി.സുരേഷ്‌കുമാർ, ഹുസൂർ ശിരസ്തദാർ ബി. അശോക് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. മുട്ടമ്പലം, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യദിനം വോട്ടോറിക്ഷാ പര്യടനം നടത്തിയത്. വെള്ളിയാഴ്ച ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ്, ചെങ്ങളം സൗത്ത്, കുമരകം, ആർപ്പൂക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നിന് വോട്ടോറിക്ഷയുടെ പര്യടനം സമാപിക്കും.

Content Highlights: lok sabha election 2019